മെട്രോ നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം തട്ടി ടിപ്പർ ഡ്രൈവർ മരിച്ചു
Friday, December 20, 2024 12:48 AM IST
കാക്കനാട്: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം നടക്കുന്ന ഇൻഫോപാർക്ക് സൈറ്റിൽ മണ്ണുമാന്തി യന്ത്രം തട്ടി ടിപ്പർ ലോറി ഡ്രൈവർ മരിച്ചു.
ആലുവ എടത്തല കുഴിവേലിപ്പടി തനങ്ങാട്ടിൽ വീട്ടിൽ അഷ്റഫിന്റെ മകൻ അഹമ്മദ് നൂർ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.55ഓടെ കാക്കനാട് മീഡിയ അക്കാദമിക്ക് സമീപത്തായിരുന്നു അപകടം.
മണ്ണുമാന്തി യന്ത്രം പിന്നോട്ടെടുത്തപ്പോൾ യന്ത്രഭാഗം തലയിൽ തട്ടുകയായിരുന്നു. കാക്കനാട് സ്റ്റേഷൻ നിർമാണ കരാറുകാരന്റെ ഡ്രൈവറായിരുന്നു അഹമ്മദ് നൂർ.
ലോറിയിൽ മണ്ണ് കയറ്റിയതിനുശേഷം ടാർപോളിൻ ഇടുന്നതിനായി ലോറിക്കു പിന്നിലേക്ക് വരുന്നതിനിടെ അഹമ്മദ് നൂറിന്റെ തലയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ എൻജിൻ ഭാഗം തട്ടുകയായിരുന്നു.
ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. അമ്മ: ആയിഷ ബീവി. ഭാര്യ: സഹറ.