സാലറി ചലഞ്ച്: സര്‍ക്കാര്‍ ജീവനക്കാരനെതിരായ കേസ് റദ്ദാക്കി
Friday, December 20, 2024 12:48 AM IST
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. സപ്ലൈകോ ഔട്ട് ലറ്റ് മാനേജരായ കാസര്‍ഗോഡ് സ്വദേശി ജമാലിനെതിരേയുള്ള കേസാണു റദ്ദാക്കിയത്.
2018 ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന അഭ്യർഥന മുഖ്യമന്ത്രി നടത്തിയത്. തുടര്‍ന്നാണ് ചെലവ് ചുരുക്കി മുഖ്യമന്ത്രി മാതൃക കാണിക്കണമെന്നും അതിനുശേഷം ഉപദേശങ്ങള്‍ നല്‍കണമെന്നും ജമാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 166, 167 വകുപ്പ് പ്രകാരം പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.
ഇതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരന്റെ പോസ്റ്റ് സംഭാവന നല്‍കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഈ വാദം ഹൈക്കോടതി തള്ളി.
കേസ് റദ്ദാക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെയും തീരുമാനങ്ങളെയും ജീവനക്കാര്‍ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.