കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ വരവേറ്റ് എസ്ബി കോളജ്
Friday, December 20, 2024 2:16 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം നാട്ടിലെത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃകലാലയമായ എസ്ബി കോളജില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. രാവിലെ 11ന് കോളജ് അങ്കണത്തില്‍ എത്തിച്ചേര്‍ന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ പ്രിന്‍സിപ്പല്‍ ഫാ. റജി പി. കുര്യന് ബൊക്കെ നല്കി സ്വീകരിച്ചു.
കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, മാര്‍ കൂവക്കാട്ടിന്റെ സഹപാഠിയും കോളജ് അധ്യാപകനുമായ ഡോ. ടോംലാല്‍ ജോസ്, സിഎസ്എം യൂണിറ്റ് പ്രസിഡന്റ് ജൂഡ് എം. രാജു, സിഎസ്എം ഡയറക്ടര്‍ റവ.ഡോ. ടോം ആന്റണി, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടി പ്രസംഗം നടത്തി.
ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്കി കോളജില്‍ സ്ഥാപിച്ച 150 കെവിയുടെ സൗരോര്‍ജ പ്ലന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മവും കരോള്‍ഗാനമത്സരത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം, പിആര്‍ഒ ഫാ. ജോസ് മുല്ലക്കരി തുടങ്ങിയവര്‍ നേതൃത്വം നല്കി. 1992-1995 ബിഎസ്സി കെമിസ്ട്രി ബിരുദ ബാച്ചിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് എസ്ബി കോളജില്‍ പഠനം നടത്തിയത്.
തന്നെ രൂപപ്പെടുത്തിയ കലാലയം: മാര്‍ കൂവക്കാട്ട്
തന്നെ രൂപപ്പെടുത്തിയതും തന്റെ സ്വപ്നങ്ങള്‍ പാറിനടന്നതുമായ കലാലയമാണ് ചങ്ങനാശേരി എസ്ബി കോളജെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. എസ്ബി കോളജില്‍ നല്കിയ സ്വീകരണത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍.
എസ്ബിയില്‍ കരുതലോടെ പഠിപ്പിച്ച ഗുരുഭൂതരും കാമ്പസില്‍നിന്നും ലഭിച്ച അനുഭവസമ്പത്തും കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റില്നിന്നും ലഭിച്ച പാഠവവുമാണ് തന്നെ വത്തിക്കാനില്‍ മാര്‍പാപ്പയുടെ അടുത്തും നയതന്ത്രകാര്യാലയത്തിന്റെ ചുമതലയിലുംവരെ എത്തിച്ചതെന്നും കർദിനാൾ പറഞ്ഞു.