ഹൃദയംമുറിഞ്ഞ് മുറിഞ്ഞകൽ !; അവർ മടക്കമില്ലാതെ മടങ്ങി
Friday, December 20, 2024 2:16 AM IST
പത്തനംതിട്ട: ഉറ്റവരും ഉടയവരുമായ നാലു പേരുടെ മൃതദേഹങ്ങൾ ഒരേ സമയം പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ സെമിത്തേരി ഏറ്റുവാങ്ങി. ദാന്പത്യജീവിതത്തിൽ കേവലം 15 ദിവസങ്ങൾ മാത്രം പിന്നിട്ട ദന്പതികളും അവരുടെ പിതാക്കന്മാരും ഒന്നിച്ച് ഇഹലോകത്തുനിന്ന് മാറ്റപ്പെട്ടപ്പോൾ അത് നാടിനാകെ കണ്ണീരോർമയായി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പിഎം റോഡിലെ കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ നാലുപേരുടെയും സംസ്കാരം ഇന്നലെ ആയിരുന്നു. ദേവാലയത്തിലും നാട്ടിലും കുടുംബത്തിലും അത്രമാത്രം പ്രിയപ്പെട്ടവരായിരുന്ന ഇവരുടെ വിടവാങ്ങൽ ഹൃദയഭേദകമായ ഒട്ടേറെ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാര ശുശ്രൂഷകളാണ് മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നത്.
ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. മരിച്ച മത്തായിയുടെ ഭാര്യ സാലിയെയും ബിജുവിന്റെ ഭാര്യ നിഷയെയും വാക്കുകൾക്കൊണ്ട് ആർക്കും ആശ്വസിപ്പിക്കാനായില്ല.
പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തില്‍ നാല് മൃതദേഹങ്ങളും പൊതുദര്‍ശനത്തിനെത്തിച്ചു. ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചു.
മലങ്കര കത്തോലിക്കാ സഭയിലെയും സഹോദര സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ സെമിത്തേരിയിലെ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്കരിച്ചു.