സിഎംആർഎൽ നൽകിയ കോടികളുടെ കോഴ ആർക്കെന്നു വ്യക്തമായി: മാത്യു കുഴൽനാടൻ
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: സിഎംആർഎൽ കന്പനി എക്സാലോജിക് കന്പനിക്ക് കോടികൾ നൽകിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കെപിസിസി ആസ്ഥാനത്ത് പത്രസമ്മേളത്തിലാണ് കുഴൽനാടൻ ഇത്തരത്തിൽ പ്രതികരിച്ചത്.
എസ്എഫ്ഐഒ കോടതിയിൽ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോയെന്നു വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം തുടർന്നാൽ സിഎംആർഎൽ നൽകിയ കോടികൾ കൈപ്പറ്റിയ പിവി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. എക്സാലോജിക് പണമിടാപാടിൽ അന്വേഷണം പൂർത്തിയാക്കി നടപടികളിലേക്ക് കടക്കണം.
കൃത്യമായ അന്വേഷണമില്ലാതെ സംരക്ഷിച്ചതും പിണറായി വിജയന്റെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുത്തതും മോദിയാണ്. പിണറായി മുഖ്യമന്ത്രി പദവിയിൽ തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണെന്നും കുഴൽനാടൻ ആരോപിച്ചു.