പെൻഷൻ തട്ടിപ്പ് ; ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി വാങ്ങിയ ആറ് സർക്കാർ ജീവനക്കാരെ സ്പെൻഡ് ചെയ്തു. മണ്ണുസംരക്ഷണ വകുപ്പിനു കീഴിലുള്ള ആറുപേരെ സസ്പെൻഡ് ചെയ്ത് ഡയറക്ടർ ഉത്തരവിറക്കി.
നാല് പാർട്ട് ടൈം സ്വീപ്പർമാരെയും ഒരു ഓഫീസ് അറ്റന്ററെയും ഒരു വർക്ക് സൂപ്രണ്ടിനെയുമാണ് സസ്പെൻഡ് ചെയ്തത്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു അടക്കാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന പദവിയിലുള്ള ജീവനക്കാർ ഉൾപ്പെടെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ധന വകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഇവരിൽ രണ്ട് അസിസ്റ്റന്റ് കോളജ് പ്രഫസർമാർ വരെ ഉൾപ്പെട്ടിരുന്നു.
ആരോഗ്യവകുപ്പിലെ 373 പേർ ക്ഷേമപെൻഷൻ വാങ്ങുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിലെ 224 പേർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വിവിധ വകുപ്പുകളിലായാണ് ആകെ 1458 പേർ അനധികൃതമായി ക്ഷേമപെൻഷനുകൾ കൈപ്പറ്റിയത്.