റോഡപകടങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് നിരത്തിലേക്ക്
Friday, December 20, 2024 2:16 AM IST
റെനീഷ് മാത്യു
കണ്ണൂർ: റോഡപകടങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വിഭാഗത്തിലെ ഒരു ടീം ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തണമെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ എച്ച്. നാഗരാജുവിന്റെ ഉത്തരവ്. നാലു മണിക്കൂറിനു ശേഷം മാത്രമേ അടുത്ത നാലു മണിക്കൂർ മറ്റൊരു സ്ഥലത്ത് പരിശോധന നടത്താൻ പാടുള്ളൂ.
പ്രധാനപ്പെട്ട റോഡുകളിലെല്ലാം എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും കമ്മീഷണർ ഉത്തരവിട്ടു.
ഡിസംബർ 31ന് രാത്രി എട്ടുമുതൽ ഒന്നിന് പുലർച്ചെ ഒന്നുവരെ ഒരു ജില്ലയിൽ എൻഫോഴ്സ്മെന്റിന്റെ അഞ്ച് സ്ക്വാഡുകൾ പരിശോധനയ്ക്ക് ഉണ്ടായിരിക്കണം. പുലർച്ചെ ഒന്നുമുതൽ ആറുവരെ ഒരു സ്ക്വാഡും ഉണ്ടാകണം. ഓരോ താലൂക്കിലും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് അതത് പരിധിയിലുള്ള ആർടി ഓഫീസ്, സബ് ആർടി ഓഫീസ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് ഉൾപ്പെടുത്താം. നന്പർ പ്ലേറ്റ് മറയ്ക്കത്തക്ക രീതിയിൽ വാഹനങ്ങളിൽ ഫോട്ടോയും മാലയും വച്ചാൽ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്. പരിശോധന നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളുടെ റിപ്പോർട്ട് വൈകിക്കരുത്.
എൻഫോഴ്സ്മെന്റ് സ്ക്വാഡിനുളള വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പരിശോധനാ ഉപകരണങ്ങളുടെയും കുറവുകളെക്കുറിച്ച് വിവരം ശേഖരിക്കാനും നിർദേശമുണ്ട്.