ഇന്ത്യ- ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പദ്ധതി മാളയിൽ
Friday, December 20, 2024 12:48 AM IST
കൊച്ചി: ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ക്രോസ്കള്‍ച്ചറല്‍ സംരംഭമായ ഇന്ത്യ-ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്ട് ഇന്നുമുതല്‍ 27 വരെ തൃശൂര്‍ മാള ജിബി ഫാമില്‍ നടക്കും.
ഇന്ത്യയില്‍നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള പത്തു വീതം വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ പരിപാടിയുടെ ഭാഗമാകും.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയിൽ കലാകാരന്മാര് സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യം, സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങള്‍ എന്നിവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കലാപരവും സാംസ്കാരികവുമായ സമന്വയം പ്രഘോഷിക്കുന്ന സൃഷ്ടികള്‍ രൂപപ്പെടുത്തും.
ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര് മാള, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പൗരാണിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ഏഷ്യയിലുടനീളം കലാപരമായ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്ന പരിപാടിയായ മ്യൂസിയം ഓഫ് ആര്‍ട്ട് വൂമയുടെ ഏഷ്യ ആക്സിസ് പ്രോജക്ടുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
സാംസ്കാരിക വിനിമയത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമായി രൂപീകരിച്ച കൂട്ടായ്മായ കെകെഎൽഎം ഫൗണ്ടേഷനാണു ഈ കലാപദ്ധതി ഒരുക്കുന്നത്. എല്ലാവര്‍ഷവും പരിപാടി സംഘടിപ്പിക്കാനാണു ലക്ഷ്യമെന്ന് കെകെഎൽഎം ഫൗണ്ടേഷന് ഡയറക്ടര്‍ ബിനോയ് വര്‍ഗീസ് പറഞ്ഞു.