ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിധിക്കു സ്റ്റേ
Friday, December 20, 2024 2:16 AM IST
ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി. ഹൈക്കോടതി നിർദേശങ്ങൾ അപ്രായോഗികമാണെന്നു വാക്കാൽ പരാമർശിച്ച കോടതി 2012 ലെ ചട്ടങ്ങളനുസരിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്നു വ്യക്തമാക്കി.
നിലവിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖകളുണ്ട്. അതിനപ്പുറത്തേക്കുള്ള നിർദേശങ്ങൾ ഹൈക്കോടതിക്കു നൽകാനാകില്ലെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശിച്ച നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമ്മേക്കാവ്, തിരുവന്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം, ആനകളും പൊതുജനങ്ങളും തമ്മിൽ എട്ടു മീറ്റർ അകലം, ഏതെങ്കിലും താളവാദ്യ പ്രദർശനം, പടക്കങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ എന്നിവയിൽനിന്ന് കുറഞ്ഞത് 100 മീറ്റർ അകലം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഹൈക്കോടതി മുന്നോട്ടുവച്ചിരുന്നു. കൂടാതെ, രണ്ട് എഴുന്നള്ളിപ്പിനിടയിൽ ആനകൾക്ക് കുറഞ്ഞത് മൂന്നു ദിവസത്തെ വിശ്രമം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഹൈക്കോടതി നിർദേശിക്കുന്നതുപോലെ ആനകൾ തമ്മിൽ എങ്ങനെ അകലം പാലിക്കുമെന്നും ഇത് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിർദേശിച്ച സമയക്രമവും പ്രായോഗികമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സർക്കാരിനും ആന ഉടമകളുടെ സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണമെന്നാണു ലക്ഷ്യം വയ്ക്കുന്നതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരം പൂരം നടത്താനാകില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ആന എഴുന്നള്ളിപ്പ് ആചാരങ്ങളുടെ ഭാഗമല്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ജനങളുടെ സുരക്ഷയാണു പ്രധാനമെന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി അനാവശ്യ ആചാരങ്ങൾ ഉണ്ടാകരുതെന്നും വ്യക്തമാക്കിയിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചട്ടം കൊണ്ടുവരാൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനസർക്കാർ വിഷയത്തിൽ ഇടപെടാതിരുന്നതിനെത്തുടർന്ന് ഹൈക്കോടതി സ്വയം മാനദണ്ഡം നിർദേശിക്കുകയായിരുന്നു.