പുഞ്ചിരിമട്ടം ദുരന്തം: കെസിബിസി പുനരധിവാസ ഭവനപദ്ധതിക്ക് തറക്കല്ലിട്ടു
Friday, December 20, 2024 2:16 AM IST
സുൽത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ.
പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമാട്ടുചാലിൽ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെസിബിസിയുടെ ജസ്റ്റീസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു.
ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനു മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്.
കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിർമിക്കുന്നത്. കെസിബിസിയുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അറിയിച്ചു.
എംഎൽഎ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വയനാട് സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറന്പിൽ, പിആർഒ സാലു ഏബ്രഹാം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.
അന്പലവയൽ, മേപ്പാടി പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളിൽനിന്നുള്ള വൈദികരും സന്യസ്തരും മറ്റ് സഹകാരികളും ഉരുൾപൊട്ടൽ ദുരന്തബാധിതരും ചടങ്ങിൽ പങ്കെടുത്തു.