കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി കുറ്റക്കാരന്‍, വിധി ഇന്ന്
Friday, December 20, 2024 12:48 AM IST
കോട്ടയം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതി കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന് 52) കുറ്റക്കാരനെന്നു കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ജെ. നാസര്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന് (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. ശിക്ഷാവിധിയിലുള്ള വാദം ഇന്ന് നടക്കും.
2022 മാര്‍ച്ച് ഏഴിനു വൈകുന്നേരം നാലരയോടെയാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. പ്രതിക്കെതിരേ ചുമത്തിയ 302, 449, 506 (2), ആയുധ നിയമം 30 എന്നീ മുഴുവന്‍ വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷനായി.
കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോര്‍ജ് കുര്യന് സാമ്പത്തിക ബാധ്യത വന്നതോടെ കുടുംബത്തില്‍നിന്നു രണ്ടര ഏക്കര്‍ പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.അവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും അനുജന് രഞ്ജു തടസം നിന്നത് പ്രതികാരത്തില്‍ കലാശിച്ചു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മാത്യു സ്കറിയ എത്തിയെങ്കിലും പ്രകോപിതനായി തന്റെ പിസ്റ്റളിന് ജോര്‍ജ് കുര്യന് വെടിവയ്ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിലുമാണു മരിച്ചത്.