ധനകാര്യ സ്ഥാപനത്തിന്റെ അനാവശ്യ കോളുകള്‍ വിലക്കി ഉപഭോക്തൃ കോടതി
Friday, December 20, 2024 12:48 AM IST
കൊച്ചി: ലോണ്‍ വാഗ്ദാനം ചെയ്തു നിരന്തരം ഫോണിലൂടെ ബുദ്ധിമുട്ടിച്ച ധനകാര്യ സ്ഥാപനത്തിന്റെ നടപടി വിലക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
ബജാജ് ഫിന്‍സെര്‍വിന്റെ നിരന്തരവും അനാവശ്യവുമായ കോളുകളെത്തുടര്ന്ന് എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ നിഥിന് രാമകൃഷ്ണന് നൽകിയ പരാതിയിലാണു കോടതി ഉത്തരവ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ബജാജ് ഫിന്‍സെര്‍വ് നിരന്തരം കോളുകള്‍ ചെയ്ത് വായ്പാസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു. നിരവധി തവണ അഭ്യര്‍ഥിച്ചിട്ടും ഡിഎന്‍ഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടും കോളുകള്‍ തുടരുന്നു. ഇതു തന്റെ അക്കഡേമിക് പ്രവര്‍ത്തനങ്ങളെയും അന്തര്‍ദേശീയ സംഘടനയിലെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ജോലിസമയത്ത് പരാതിക്കാരനെ ആവര്‍ത്തിച്ചു വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
എതിര്‍കക്ഷികളായ ബജാജ് ഫിന്‍സെര്‍വ് ഉടന്‍ പ്രാബല്യത്തില്‍ പരാതിക്കാരനുള്ള എല്ലാ അനാവശ്യ കോളുകളും നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് നല്കി. എതിര്‍കക്ഷിയില്‍നിന്നു നഷ്ടപരിഹാരം വേണമെന്നുള്ള പരാതിക്കാരന്റെ ആവശ്യത്തില്‍ മാര്‍ച്ച് നാലിന് തുടര്‍വാദം കേള്‍ക്കും.