ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിച്ച് 34 ലക്ഷം തട്ടിയയാള്‍ പിടിയില്‍
Friday, December 20, 2024 12:48 AM IST
കൊച്ചി: ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിച്ച് 34 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റിൽ. ഓച്ചിറ സൗത്ത് കൊച്ചുമുറി സരോജ് ഭവനില്‍ വരുണ്‍ കുമാര്‍ നായര്‍ (36) ആണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
ഇയാള്‍ നിവ ബുപ്പ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് 25 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരുന്നു. തുടര്‍ന്ന് ഹൃദ്രോഗത്തിന് 3,41,995 രൂപയുടെ കാഷ്ലെസ് ചികിത്സ നടത്തിയശേഷമായിരുന്നു തട്ടിപ്പ്. നോ ക്ലെയിം ബോണസ് പ്രകാരം കൂടുതല്‍ തുക ലഭിക്കുമെന്നത് തിരിച്ചറിഞ്ഞായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുമുമ്പും ശേഷവും ചികിത്സയ്ക്കായി 70 ലക്ഷം രൂപ ചെലവായെന്ന് രേഖകളുണ്ടാക്കി. വിവിധ മരുന്ന് കമ്പനികളുടെ ടാക്സ് ഇന്‍വോയ്സ് രസീതുകള്‍ ഇയാള്‍ മരുന്ന് വാങ്ങാതെ നേടിയെടുത്തു.
മരുന്ന് വ്യാപാര ആപ്പില്‍നിന്ന് ഓണ്‍ലൈനായാണ് ഇയാള്‍ മരുന്ന് വാങ്ങിയത്. ഡെലിവറി സമയത്ത് കാഷ് കൊടുക്കുന്ന ഓപ്ഷനാണു തെരഞ്ഞെടുത്തിരുന്നത്. ഡെലിവറി ചെയ്യുന്ന സമയത്ത് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യും. തുടര്‍ന്ന് ഇതിന്റെ ഓണ്‍ലൈന്‍ രസീത് കാണിച്ച് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ക്ലെയിം ചെയ്താണു പണം തട്ടിയെടുത്തത്.
നിവ ബുപ്പ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മാനേജര്‍ അബ്ദുള്ളയും അവരുടെ ബിസിനസ് അസോസിയേറ്റ് ഒപ്റ്റിമസ് മെഡിക്കല്‍ സര്‍വീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. ഹൈക്കോടതിയില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ സി.അനൂപ്, ശെല്‍വരാജ്, എസ്സിപിഒ സുമേഷ്, സിപിഒമാരായ ഉണ്ണിക്കൃഷ്ണന്, ഷിഹാബ്, ഹരീഷ് ബാബു എന്നിവര്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ എറണാകുളം മഹാരാജാസ് കോളജിനടുത്തുള്ള ഹോട്ടലിന് മുന്വശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.