ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ
Friday, December 20, 2024 12:48 AM IST
കോതമംഗലം: നെല്ലിക്കുഴിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആറു വയസുകാരിയായ മകളെ വീടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ്ഖാന്റെ (33) ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാന്‍ (ആറ്) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അജാസ്ഖാനെയും രണ്ടാം ഭാര്യ അനീഷ (23)യെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 6.30 ഓടെയാണു സംഭവം സമീപവാസികള്‍ അറിഞ്ഞത്.
അജാസും രണ്ടാംഭാര്യ അനീഷയും ഒരു മുറിയിലും രണ്ടാം ഭാര്യയുടെ മകള്‍ രണ്ടു വയസുള്ള കുഞ്ഞും മുസ്ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി ഉറങ്ങാന്‍ കിടന്നതെന്നാണ് അജാസ് സമീപവാസികളോടു പറഞ്ഞത്. മുസ്ക്കാനെ വിളിച്ചിട്ട് അനക്കമില്ലെന്നു പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു. അയല്‍ക്കാർ വിവരം വാര്‍ഡ് മെംബറെ അറിയിച്ചാണു പോലീസെത്തിയത്. അജാസിന്റെയും രണ്ടാം അനീഷയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്തു കണ്ട ക്ഷതമേറ്റ പാടാണു പോലീസിന്റെ സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.
30 വര്‍ഷം മുമ്പ് അജാസിന്റെ കുടുംബം നെല്ലിക്കുഴിയില്‍ എത്തിയതാണ്. ഏഴു വര്‍ഷം മുമ്പ് പുതുപ്പാലത്ത് സ്വന്തമായി സ്ഥലം വാങ്ങി വീടു പണിതു. രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യ പിണങ്ങിപ്പോയതിനെത്തുടർന്ന് അജാസ് യുപിക്ക് മടങ്ങിയിരുന്നു.
അഞ്ചു മാസം മുമ്പാണ് രണ്ടാം ഭാര്യ അനീഷയും അനീഷയുടെ രണ്ടരവയസുള്ള കുഞ്ഞുമായി തിരിച്ച് പുതുപ്പാലത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേന കോതമംഗലത്തെത്തി.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കോതമംഗലം സിഐ. പി.ടി. ബിജോയി എന്നിവര്‍ എസ്പിക്ക് ഒപ്പം ചേര്നുന് രാത്രി വൈകിയും അജാസിനെയും അനീഷയെയും ചോദ്യം ചെയ്തുവരികയാണ്. രണ്ടാനമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.