കരിമണല്‍ കോഴ: നിയമപോരാട്ടം ഫലം കണ്ടുവെന്ന് ഷോൺ ജോർജ്
Friday, December 20, 2024 2:16 AM IST
കോട്ടയം: കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ ഒന്നര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കരിമണല്‍ കമ്പനിയില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് 1.72 കോടി രൂപ മാസപ്പടി ലഭിച്ചതായുള്ള മാധ്യമ വാര്‍ത്ത നിയമസഭയില്‍ ഒച്ചപ്പാടിനിടയാക്കിയതിനെ തുടർന്നാണ് ഷോൺ നിയമപോരാട്ടം തുടങ്ങിയത്.
അന്വേഷണം ആവശ്യപ്പെട്ട ആദ്യം സമീപിച്ചത് സെന്‍ട്രല്‍ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെയാണ്. നാലംഗസംഘം വിശദമായ അന്വേഷണം നടത്തിയതനുസരിച്ചു പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേരള, ഡല്‍ഹി, ബംഗളൂരു ഹൈക്കോടതികളില്‍ പലപ്പോഴായി നല്കിയ ഹര്‍ജികളുടെ അന്വേഷണങ്ങളിലാണ് കരിമണല്‍ കമ്പനി 135 കോടി രൂപ പലര്‍ക്കായി കോഴ കൊടുത്തെന്നും തീവ്രവാദ വിധ്വംസക ശക്തികള്‍ക്കും വിഹിതം ചെന്നുവെന്നും വിവരം പുറത്തുവരുന്നത്.
കെഎംആര്‍എല്‍ സംസ്ഥാന സര്‍ക്കാരിനും വ്യക്തികള്‍ക്കും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ്. ഇതില്‍ 13 ശതമാനം ഓഹരി സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനുള്ളതാണ്. ആ നിലയില്‍ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട 135 കോടിയാണ് മാസപ്പടിയും കോഴയുമായി നല്‍കിയിരിക്കുന്നതെന്ന് ഷോൺ പറഞ്ഞു.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിലും വീണയ്ക്ക് കോഴ ചെന്നതായി കണ്ടെത്തിയെന്ന് ഷോൺ പറഞ്ഞു. 2016 മുതല്‍ 2019 വരെ വീണയുടെയും ആദ്യഭര്‍ത്താവ് എം. സുനീഷിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് തുക എത്തിയതെന്നും ഷോൺ ആരോപിച്ചു.
വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി ഫീസ് എന്ന പേരിലാണ് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയത്. എന്നാല്‍ യാതൊരു സേവനവും ചെയ്തിട്ടില്ലെന്നു തളിഞ്ഞു. അന്വേഷണം തുടങ്ങിയപ്പോള്‍ കരിമണല്‍ കമ്പനി വീണയുടെ സ്ഥാപനത്തിന് വ്യാജബില്ലും നല്‍കിയിരുന്നു.
ഷോണിന്റെ ഹര്‍ജിയിലെ എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ വാദത്തിനിടെയാണ് സിഎംആര്എല്ലിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയിലെത്തിയത്.
ഭീകരാക്രമണങ്ങളെ അനുകൂലിക്കുന്നവര്‍ക്കടക്കം പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി എസ്എഫ്ഐഒയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. മാത്രവുമല്ല 135 കോടിയുടേതല്ല 184 കോടിയുടെ അനധികൃത കോഴ ഇടപാട് സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ അനുമതിയോടെ വാരുന്ന കരിമണല്‍ കടത്തി ഇല്‍മനൈറ്റ്, തോറിയം തുടങ്ങി വന്‍വിലയുള്ള ധാതുലവണ മിശ്രിതങ്ങള്‍ വിദേശത്ത് വേര്‍തിരിക്കുന്നതായി സംശയിക്കുന്നതായി ഷോണ്‍ പറഞ്ഞു. പിണറായി വിജയന്റെയും വീണയുടെയും മുഹമ്മദ് റിയാസിന്റെയും തുടരെയുള്ള വിദേശയാത്രകള്‍ ഇത്തരത്തില്‍ ദുരൂഹമാണെന്നും ഷോണ്‍ പറയുന്നു.