മുംബൈ ബോട്ടപകടം: മലയാളി ദന്പതികൾ സുരക്ഷിതർ
Friday, December 20, 2024 12:48 AM IST
പത്തനംതിട്ട: മുംബൈയിൽ നാവികസേന ബോട്ടും യാത്രാബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മലയാളി ദന്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളും മുംബൈയിൽ സ്ഥിരതാമസക്കാരുമായ മാത്യു ജോർജ്, ഭാര്യ നിഷ എന്നിവരെയാണ് കണ്ടെത്തിയത്.
അപകടത്തിൽനിന്നും രക്ഷപെട്ട ഇവരുടെ ആറുവയസുകാരൻ മകൻ ഏബൽ മാത്യുവിനെ മാത്രമാണ് ബന്ധുക്കൾക്ക് ആദ്യം കണ്ടെത്താൻ കഴിഞ്ഞത്. ഇതോടെയാണ് ദന്പതികൾക്കുവേണ്ടി തെരച്ചിൽ നടന്നത്. എന്നാൽ ഇവർ മുംബൈ ഡോക് യാർഡിലുണ്ടെന്ന വിവരം പോലീസ് പിന്നീട് സ്ഥിരീകരിച്ച് ബന്ധുക്കളെ അറിയിച്ചു.
അപകടശേഷം രക്ഷാപ്രവർത്തകർ ദന്പതികളെ മുംബൈ ഡോക് യാർഡിലേക്കും മകനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഇതോടെ കുട്ടിയും മാതാപിതാക്കളും രണ്ട് സ്ഥലത്തായി. കുട്ടിയെ മാത്രമാണ് പോലീസ് ആദ്യം ബന്ധുക്കൾക്ക് കൈമാറിയത്. ഇതോടെയാണ് ദന്പതികളെ സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ഇവരെ ഡോക് യാർഡിൽ കണ്ടെത്തിയതോടെ ആശ്വാസമായി. ഇന്നലെ മൂന്നുപേരും ഒന്നിച്ചു.
അപകടം നടന്നയുടൻ തങ്ങൾ ഏറെ പരിഭ്രമിച്ചതായി കുടുംബം പറഞ്ഞു. അപ്രതീക്ഷിതമായ അപകടമായിരുന്നു. അപകടസാധ്യതയുണ്ടായിരുന്നുവെങ്കിലും അതു ശ്രദ്ധിക്കാതെയാണ് നാവികസേനയുടെ ബോട്ട് എത്തിയതെന്നും ലൈഫ് ജാക്കറ്റ് ആർക്കുമുണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു. മകൻ രക്ഷപ്പെട്ട വിവരം തങ്ങൾ നേരത്തെ അറിയാമായിരുന്നു. ഏബലിനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലാക്കിയിരുന്നു.
കൈപ്പട്ടൂർ ആലുനിൽക്കുന്നതിൽ ജോർജിന്റെ മകനാണ് മാത്യു ജോർജ് (സോമോൻ). ദന്പതികൾ മുംബൈയിൽ ജോലിക്കാരാണ്.