ലാസ്റ്റ് ഗ്രേഡ്: അന്തർ വകുപ്പു മാറ്റത്തിന് മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കണം
Friday, December 20, 2024 12:48 AM IST
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം ലഭിച്ച ജില്ലയിലും വകുപ്പിലും മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ആദ്യ അന്തർ വകുപ്പു സ്ഥലംമാറ്റത്തിന് അർഹതയുണ്ടാകൂവെന്ന് ഉത്തരവ്.
ആദ്യ അന്തർ വകുപ്പു മാറ്റത്തിനു ശേഷം പുതിയ വകുപ്പിൽ അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയ്ക്കുള്ളിലെ ഉൾപ്പെടെ തുടർന്നുള്ള ഒരു അന്തർ വകുപ്പ് സ്ഥലംമാറ്റം അനുവദിക്കുകയുള്ളൂവെന്നും കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് ജീവനക്കാരുടെ അന്തർ ജില്ലാ അന്തർ വകുപ്പ് സ്ഥലംമാറ്റ വ്യവസ്ഥകൾ പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
പിഎസ്സി മുഖേനെ നിയമനം ലഭിച്ച ജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കാതെ മറ്റൊരു ജില്ലയിലേക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം അനുവദിക്കില്ല. എന്നാൽ, ലാസ്റ്റ് ഗ്രേഡ് സർവീസിലെ ചില എൻട്രി കേഡർ തസ്തികകളിൽ പിഎസ്സി ഇതര മാർഗങ്ങൾ വഴിയുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. ഇത്തരം തസ്തികകളിൽ അന്തർ ജില്ലാ മാറ്റങ്ങൾക്ക് അഞ്ചു വർഷ സേവന വ്യവസ്ഥ ബാധകമാക്കുന്ന ഉത്തരവുകൾ നിലവിലില്ല. ഇതിനാൽ ഇവിടെ അവ്യക്തത നിലനിന്നിരുന്നു.
അന്തർ ജില്ലാ മാറ്റം ഇല്ലെങ്കിലും അന്തർ വകുപ്പു മാറ്റവും ഇതിനു സേവന കാലവും ഏർപ്പെടുത്തിയിരുന്നില്ല. ഇതു ഒരു വിഭാഗം ജീവനക്കാർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലംമാറ്റ വ്യവസ്ഥകൾ പരിഷ്കരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
പരിഷ്കരണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് വിശേഷാൽ ചട്ടത്തിൽ പിന്നീട് ഉചിതമായ ഭേദഗതി വരുത്തുമെന്നും നിർദേശിക്കുന്നു.