ദൈവദാസൻ പഞ്ഞിക്കാരനച്ചൻ ജീവകാരുണ്യത്തിന്റെ സാക്ഷ്യം: മാർ മഠത്തിക്കണ്ടത്തിൽ
Tuesday, November 5, 2024 2:49 AM IST
കോതമംഗലം: നമ്മുടെ ജീവിതത്തിലൂടെ പാവങ്ങൾക്കും രോഗികൾക്കും നിരാലംബർക്കും എങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാമെന്നതിനു വലിയ ഉദാഹരണമാണ് ദൈവദാസൻ പഞ്ഞിക്കാരനച്ചനെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
ദൈവദാസന്റെ 75-ാം ശ്രാദ്ധദിനാഘോഷങ്ങളുടെ സമാപനദിനമായ ഇന്നലെ അദ്ദേഹത്തിന്റെ കബറിടമുള്ള തങ്കളം ധർമഗിരി പ്രൊവിൻഷൽ ഹൗസ് കപ്പേളയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കു ദാനം ചെയ്താണ് പഞ്ഞിക്കാരനച്ചൻ തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയത്. ഈ വിശുദ്ധജീവിതം നമുക്കും മാതൃകയായിത്തീരണം. രോഗികളും അഗതികളും സമൂഹം മാറ്റിനിർത്തിയവരുമായ ജനങ്ങളുടെ സമുദ്ധാരണത്തിന് കോതമംഗലത്തിന്റെ മണ്ണിൽ അത്യധ്വാനം ചെയ്ത കർമധീരനായിരുന്നു പഞ്ഞിക്കാരനച്ചനെന്നും മാർ മഠത്തിക്കണ്ടത്തിൽ അനുസ്മരിച്ചു. വിശുദ്ധ കുർബാനയിലും അനുസ്മരണ പ്രാർഥനകളിലും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ബിജു കൂട്ടംപ്ലാക്കൽ, ഫാ. ജയിംസ് മുണ്ടയ്ക്കൽ, വെളിയേൽച്ചാൽ ഫൊറോന വികാരി റവ.ഡോ. തോമസ് ജെ. പറയിടം, പാലക്കാട് വടക്കഞ്ചേരി ഫൊറോന വികാരി ഫാ. റെജി പെരുമ്പള്ളിൽ എന്നിവരുൾപ്പെടെ 25ഓളം വൈദികർ സഹകാർമികരായി.
ശ്രാദ്ധദിനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ കോതമംഗലം കത്തീഡ്രൽ ദേവാലയത്തിൽനിന്നും നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയിൽനിന്നും നൂറുകണക്കിന് വിശ്വാസികൾ ഭക്തിസാന്ദ്രമായ അനുസ്മരണ പദയാത്രയുമായാണ് തങ്കളം പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ എത്തിയത്.
നാലു ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ, നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോൾ അവരാപ്പാട്ട്, ധർമഗിരി സന്യാസിനീ സഭ സുപ്പീരിയർ ജനറൽ മദർ ഫിലോമി, തങ്കളം എംഎസ്ജെ സെന്റ് ജോസഫ് പ്രൊവിൻഷൽ സുപ്പീരിയർ സിസ്റ്റർ അഭയ എന്നിവർ നേതൃത്വം നൽകി.
നാലു ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ദൈവദാസന്റെ കബറിടം സന്ദർശിച്ച് പ്രാർഥനകളിൽ പങ്കെടുത്തു. നേർച്ചസദ്യയും ഉണ്ടായിരുന്നു.