കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എത്ര രൂപ ചെലവഴിക്കാനാവുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണം.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാറും ബോധിപ്പിക്കണം. ജസ്റ്റീസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപയുടെ അടിയന്തര സഹായം നൽകാൻ തീരുമാനിച്ചെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ ഈ തുക വിനിയോഗിക്കുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായി സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു.