വയനാട്: സംസ്ഥാനത്തെ നടുക്കി ഇന്ന് പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 73 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു.
പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
ചൂരല്‍മലയിൽ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.കരനാവിക സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് എന്‍ഡിആര്‍എഫ് സംഘം എത്തി. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് 200ഓളം സംഘാംഗങ്ങൾ ഇവിടേക്ക് എത്തിയത്.
മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയെന്നാണ് വിവരം. ഉരുള്‍പൊട്ടലുണ്ടായി 11 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായത്. ഇവിടേക്ക് പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നതോടെയാണ് മുണ്ടക്കൈ, അട്ടമല മേഖലകള്‍ ഒറ്റപ്പെട്ടത്.
മുണ്ടക്കൈയിലേക്ക് സൈന്യം എത്തിയശേഷം താൽക്കാലിക പാലം നിർമിക്കുമെന്നാണ് അറിയിച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിംഗ് സാധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകളും മടങ്ങിപ്പോയിരുന്നു.