വയനാട്: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് ഓടിവരുന്ന ജനക്കൂട്ടം. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ? എല്ലാവർക്കും അറിയേണ്ടത് അതാണ്. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്കു വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ് പ്രവർത്തിക്കുന്നില്ല. ഉരുൾപൊട്ടലിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലുമായാണു മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിഞ്ചോമനകൾ നഷ്ടപ്പെട്ട മാതാപിതാക്കളേറെ. വെള്ളത്തുണിയിൽ പൊതിഞ്ഞു മാറോടു ചേർത്ത് രക്ഷാപ്രവർത്തകർ കൊണ്ടുവരുന്നതു കണ്ട് ആശുപത്രി പരിസരത്തെ സ്ത്രീകൾ നിലവിളിച്ചുകൊണ്ടു ഓടിയെത്തി.
തങ്ങളുടെ ഓമനമക്കളാണോ? തുണി തെല്ലൊന്നു മാറ്റിയപ്പോൾ തലമരവിക്കുന്ന ദൃശ്യം. ഒരു മനുഷ്യാവയവം. ഉരുൾപൊട്ടലിൽ അകപ്പെട്ട് പാറക്കൂട്ടങ്ങളിൽ ഇടിച്ചും കുത്തിയും ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങളേറെ.
രക്ഷപ്പെട്ട പലർക്കുമുള്ള പരിക്കുകൾ മാരകമാണ്. പലരുടെയും മുഖം വികൃതമായിരുന്നു. പാറക്കൂട്ടങ്ങളിലും മരങ്ങളിലുമിടിച്ചു കിലോമീറ്ററുകൾ ദൂരം ഒഴുകിപ്പോയതിനിടയിൽ സംഭവിച്ചവയാണിത്. ആശുപത്രികളുടെ മോർച്ചറികൾ നിറഞ്ഞതിനാൽ പുറത്ത് വലിയ ഷീറ്റുകൾ വലിച്ചുകെട്ടി അതിനു കീഴെ ഡെസ്ക് നിരത്തി മൃതശരീരങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നു.
തിരിച്ചറിയൽ പരേഡ് പോലെ ഉറ്റവരെയും ഉടയവരെയും തെരഞ്ഞു നിലവിളിച്ചുകൊണ്ടു ഓടിനടക്കുന്ന ബന്ധുക്കൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നൂറുകണക്കിനു പേർ. ദുഃഖം തളംകെട്ടിയ മുഖങ്ങൾ. എന്തെങ്കിലുമൊന്നു ചോദിച്ചാൽ സങ്കടം വാക്കുകളെ വിഴുങ്ങും. അലമുറയിട്ടു കരച്ചിൽ.
ദുരിതാശ്വാസ ക്യാന്പുകളിൽ ആശ്വാസ വാക്കുകളുമായി മന്ത്രിമാരും ജനപ്രതിനിധികളും മറ്റും എത്തുന്നുണ്ടെങ്കിൽ ഉറ്റവരെയോർത്ത് ഒരിറ്റു വെള്ളം പോലുമിറക്കാനാവാത്ത അവസ്ഥ. ചൊവ്വാഴ്ച രാത്രി വൈകി സർക്കാർ നൽകിയ കണക്കുകൾ പ്രകാരം മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുള്ളത് ആറു മൃതദേഹങ്ങളുടെ ശരീരാവയവങ്ങൾ മാത്രമാണ്.
പലതിനും മുഖമില്ല. കൈയും കാലുമില്ല. തിരിച്ചറിയാൻ ഇനി ഡിഎൻഎ പരിശോധന നടത്തേണ്ട അവസ്ഥയാണ്.