കൽപ്പറ്റ: മാതാപിതാക്കളെ കാത്തുനിൽക്കുന്ന മക്കൾ, ഭാര്യയെയും മക്കളെയും തേടിയെത്തുന്നവർ, അയൽവാസികളെ തേടിയെത്തുന്നവർ. സുഹൃത്തിനെ തേടിയെത്തുന്നവർ... വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയിട്ട് രണ്ടുദിവസം പിന്നിട്ടും ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്.
വിതുന്പലുകളും നിലവിളികളും നിരാശയുമായി ദുഃഖം തളംകെട്ടി നിൽക്കുകയാണ് ഇവിടെ. തിരച്ചിൽ നടത്തുന്ന സ്ഥലത്തുനിന്നു കിട്ടുന്ന മൃതദേഹങ്ങളുമായി കമ്യൂണിറ്റി ഹാളിലേക്ക് ആംബുലൻസ് എത്തുന്പോൾ ഓടിയെത്തുന്ന ആളുകൾ.
മൃതദേഹങ്ങൾ തിരിച്ചറിയുന്പോൾ അലമുറയിട്ട് കരയുന്നവർ, തളർന്നു വീഴുന്നവർ... അടുത്ത ആംബുലൻസിലെങ്കിലും സ്വന്തക്കാർ വരുമെന്ന് കാത്തിരിക്കുന്നവർ... മൃതദേഹങ്ങൾ മാത്രമായിരുന്നില്ല ആംബുലൻസുകളിൽ എത്തിയിരുന്നത്. ശരീരഭാഗങ്ങളും എത്തിയിരുന്നു. തിരിച്ചറിയാൻ സാധിക്കാത്തവിധം പല മൃതദേഹങ്ങളും ചിന്നഭിന്നമായിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുമിത്രാദികൾക്കു വിട്ടുനല്‍കി.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ നിലന്പൂരിൽനിന്ന് നിരവധി ആംബുലൻസുകൾ മേപ്പാടിയിലേക്ക് എത്തി. മേപ്പാടി ഗവ. സ്കൂളിലായിരുന്ന നിലന്പൂരിൽനിന്നുള്ള മൃതദേഹങ്ങൾ തിരിച്ചറിയാൻ വച്ചിരുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ വലിയൊരാൾക്കൂട്ടം എത്തിയിരുന്നു. മൃതദേഹങ്ങൾ കണ്ട് കൂട്ടനിലവിളികളുയർന്നു.
അതേ സമയം, വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. 240 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സൈന്യത്തിനൊപ്പം ടൊറിറ്റോറിയല്‍ ആര്‍മിയും എന്‍ഡിആര്‍എഫും അഗ്നിശമന സേനയും ആരോഗ്യപ്രവര്‍ത്തകരും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.