മേപ്പാടി: വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്.
രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.
കുത്തിയൊലിച്ചു വരുന്ന പുഴയിലൂടെ രക്ഷാപ്രവർത്തനം ശ്രമകരമായതിനാൽ ഹെലികോപ്റ്റർ എത്തിക്കാനും സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർലിഫ്റ്റിന്റെ സാധ്യത പരിശോധിക്കാൻ സുളൂരിൽനിന്ന് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തി. അതേസമയം പ്രദേശത്ത് കനത്തമഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായാൽ ഹെലികോപ്റ്ററുകൾക്ക് പ്രവർത്തിക്കാൻ പരിമിതിയുണ്ടായേക്കും.
സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താൽകാലിക പാലം നിര്‍മിക്കും.