കണ്ണൂർ: വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് മുഴുവൻ പ്രവർത്തകരും കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ദുരന്തത്തിലകപ്പെട്ടവർക്ക് എല്ലാവിധ സഹായവുമായി പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടാകണം . ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും ദുരന്തമേഖലയിൽ എത്തിക്കുന്നതിനായി എല്ലാവരും മുൻകൈ എടുക്കേണ്ടതാണ്.
ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സർക്കാർ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ്. എല്ലാ കോൺഗ്രസ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടുന്ന സഹകരണങ്ങൾ നൽകണമെന്ന് കെപിസിസി ആഹ്വാനം ചെയ്യുന്നുവെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനാണു സാധ്യത. വീടുകളും പാലങ്ങളും റോഡുകളും കുതിച്ചെത്തിയ ഉരുൾവെള്ളത്തിൽ ഒലിച്ചുപോയി.