വയനാട്: മുണ്ടക്കൈയിലും ചൂരല്‍ മലയിലും ചൊവ്വാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തിലാണ് കേരളം. പലര്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടമായി. ഒരുപാടുപേര് തങ്ങളുടെ പ്രിയപ്പെട്ടവരെ ഇപ്പോഴും തിരയുകയാണ്.
ദൃശ്യവാര്‍ത്താ മാധ്യമങ്ങളെയാണ് ഒട്ടുമിക്കവരും ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഒരു സ്വകാര്യ ചാനല്‍ കാട്ടിയ ദൃശ്യത്തിലുള്ളത് തന്റെ അനന്തരവന്റെ മൃതദേഹമാണെന്ന് സംശയം തോന്നിയ വിദേശ മലയാളിയായ ജോയിയും ഇക്കൂട്ടത്തിലുണ്ട്.
ഇദ്ദേഹം ദൃശ്യങ്ങള്‍ കണ്ടതിന്റെ പശ്ചാത്തലത്തില്‍ അനന്തരവന് ജസ്റ്റിനെ തേടി നാട്ടിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ പാലക്കാട് പോത്തുണ്ടി സ്വദേശിയായ ജസ്റ്റിന് എന്ന യുവാവിന്റെ മൃതദേഹം ഇവിടെ കാണാനില്ലെന്നാണ് അമ്മാവന് ജോയിയുടെ പരാതി.
മുണ്ടക്കൈയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കണ്ട മൃതദേഹം ജസ്റ്റിനുമായി സാമ്യമുള്ളതായിരുന്നെന്ന് ജോയി പറയുന്നു. എന്നാല്‍ കുടുംബം അന്വേഷിച്ചെത്തിയപ്പോള്‍ മൃതദേഹം സൂക്ഷിച്ച സ്ഥലത്തത് കണ്ടെത്താനായില്ല. ജൂലൈ 30ന് കണ്ടെടുത്ത മൃതദേഹം ജസ്റ്റിന്റേതാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നാണ് ജോയി പറയുന്നത്.
പക്ഷെ ജസ്റ്റിന്റെ മൃതദേഹം തന്നെയാണോ കണ്ടെടുത്തതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ജസ്റ്റിന്റെ മൃതദേഹം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ജോയിയും കുടുംബവും.
പാലക്കാട് നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലെത്തിയിരുന്നു ജസ്റ്റിന്. ഇതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. കുടുംബത്തിലെ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്, ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. ഇനി ജസ്റ്റിനെയാണ് കണ്ടെത്താനുള്ളത്.
അതേ സമയം, വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. 240 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സൈന്യത്തിനൊപ്പം ടൊറിറ്റോറിയല്‍ ആര്‍മിയും എന്‍ഡിആര്‍എഫും അഗ്നിശമന സേനയും ആരോഗ്യപ്രവര്‍ത്തകരും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ വയനാട്ടിൽ എത്തിയിരുന്നു.