വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിന് പോലീസ് നായ്ക്കളും. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗപ്പെടുത്തിയാണ് മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുന്നത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നായ്ക്കളും ജീവനോടെയുള്ള ആളുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന നായയും ഇവര്‍ക്കൊപ്പമുണ്ട്. ആദ്യ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തി. നായ്ക്കളെ കൂടുതൽ ഇടങ്ങളിലേക്ക് എത്തിച്ച് പരിശോധന നടത്തും.
അതേസമയം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 158 ആയി. 94 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ ആണ് ഉള്ളത്.
11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.