വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിയ്ക്കണമെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്തെ നടുക്കി ഇന്ന് പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്.
ഇതുവരെ 84 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.
നിരവധിപേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.