തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മീററ്റ് ആര്വിസിയില്നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് നടപടി.
കാണാതായവര്‍ക്കായുള്ള തിരച്ചിലിന് വനംവകുപ്പിന്റെ ഡ്രോണ്‍ കൂടി ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ നടുക്കി ഇന്ന് പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്.
ഇതുവരെ 73 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.
നിരവധിപേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.