വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ ബന്ധുക്കളെത്തി തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്. പുത്തുമലയിലെ ഹാരിസന് മലയാളത്തിന്റെ ഭൂമിയില്‍ വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുക. ആദ്യം മൃതദേഹങ്ങള്‍ സംസ്കരിക്കും. ശരീരഭാഗങ്ങള്‍ പ്രത്യേകം പെട്ടികളിലാക്കി സംസ്കരിച്ച ശേഷം ഡിഎന്‍എ ടെസ്റ്റിന്റെ കോഡ് നമ്പര്‍ രേഖപ്പെടുത്തും.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് വരെ ആളുകള്‍ക്ക് മൃതദേഹങ്ങള്‍ നോക്കി തിരിച്ചറിയാനുള്ള അവസരമുണ്ടാക്കും. അത്തരത്തില്‍ തിരിച്ചറിയുന്നവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വൈകുന്നേരം മൂന്നോടെ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകള്‍ നാലോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സര്‍വമത പ്രാര്‍ഥനകളോടെയാണ് ചടങ്ങുകള്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു.