താമരശേരി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ തടയുമെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും വാഹനങ്ങൾ തടസമില്ലാതെ ദുരന്തഭൂമിയിലേക്ക് എത്തുന്നതിനുമാണ് നടപടി.
ഇതിനായി ഈങ്ങാപ്പുഴയിൽ വാഹനപരിശോധന നടത്താൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വലിയ ചരക്കുവാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്.
അതേസമയം, ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ടു അറിയിക്കണം. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.