വയനാട്: ചൂരമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 406 ആയി. കണ്ടെടുത്തവയില്‍ 181 എണ്ണം ശരീരഭാഗങ്ങളാണ്. 186 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
സൂചിപ്പാറ അടക്കമുള്ള മേഖലകളിലാണ് ഇന്ന് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ തുടരുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രത്യേക ദൗത്യസംഘമാണ് മേഖലയിലേക്ക് പോയത്.
സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ ഇന്ന് വൈകുന്നേരം വരെ ഇവര്‍ പരിശോധന നടത്തും. പരിശീലനം നേടിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, എസ്ഒജിമാരും ആര്‍മി സൈനികരും അടങ്ങുന്നവരാണ് സംഘത്തിലുള്ളത്.
വെള്ളച്ചാട്ടത്തിന് താഴെയുള്ള വനമേഖലയിലാണ് തിരച്ചിൽ നടത്തുക. ഇവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കി എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.