District News
ബംഗളൂരു: സുൽത്താൻ ഗ്രൂപ്പിന്റെ ലക്ഷ്വറി ബ്രാൻഡായ കിയോമി ഡയമണ്ട് ആൻഡ് പൊൽക്കി ബുട്ടീക് ഫിനിക്സ് മാൾ ഓഫ് ഏഷ്യ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബോളിവുഡ് നടി ഭാഗ്യശ്രീയാണ് അപ്പർ ഗ്രൗണ്ട് ഫ്ളോറിൽ ഷോറൂം ഉദ്ഘാടനം ചെയ്തത്. 2023 ൽ ലോഞ്ച് ചെയ്ത കിയോമി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രീമിയം മാളായ മാൾ ഓഫ് ഏഷ്യയിൽ ആരംഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടി ഭാഗ്യശ്രീ പറഞ്ഞു.
കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംക്രേഷി, കർണാടക സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് മൗസിൻ, അഡ്വക്കറ്റ് ജനറൽ സാഹുൽ അമീദ് റഹ്മാൻ, സുൽത്താൻ എംഡി ഡോ. അബ്ദുൾ റഫൂഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ റഹീം, ബംഗളൂരു ഡയറക്ടർ അബ്ദുൾ റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
District News
കണ്ണൂര്‍: സമൂഹ മാധ്യമത്തിലൂടെ സ്ഥാപനത്തിനെതിരെയും ദൂബായിലെ സ്ഥാപന മേധാവിക്കെതിരെയും ഭീഷണി മുഴക്കിയെന്ന പരാതിയിൽ തളിപ്പറന്പ് സ്വദേശി അറസ്റ്റിൽ.
തളിപ്പറന്പ് നാട്ടുവയൽ സ്വദേശി മുബഷിർ കുഞ്ഞിയെ ആണ് കണ്ണൂർ ടൗൺ പോലീസ് എറണാകുളത്ത് അറസ്റ്റ് ചെയ്തത്.
ദുബായിയിലെ പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിക്കെതിരെയും യുഎഇ, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യാബ് ലീഗൽ സർവീസിനെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്ത് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തെന്ന പരാതിയെ തുടർന്നാണ് നടപടി.
നേരത്തെ സലാം പാപ്പിനിശേരി നൽകിയ പരാതിയിൽ പ്രതിയോട് ഹാജരാകാൻ പോലീസ് പലതവണ നിർദേശിച്ചെങ്കിലും ഹാജരായില്ല. ഇതേ തുടർന്നാണ് കണ്ണൂർ പോലീസ് എറണാകുളത്ത് ചെന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് സലാം പാപ്പിനിശേരിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും തൊട്ടടുത്ത ദിവസം ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോക്ക് താഴെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കമന്റുകൾ പോസ്റ്റ് ചെയ്തതായും ചൂണ്ടിക്കാട്ടിയാണ് സലാം പാപ്പിനിശേരി പോലീസിൽ പരാതി നൽകിയത്.
District News
തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ പാനൂർ പോലീസ് കേസെടുത്തു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന് മുന്‍ ചെയര്‍മാനുമായ പാനൂർ സ്വദേശി സാരംഗ് കോട്ടായിക്കെതിരെയാണ് പാനൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. 2018-19 കാലഘട്ടത്തില്‍ പീഡിപ്പിച്ചെന്നാണ് മുന്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടി നല്കിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് സാരംഗ്. ഉപരി പഠനത്തിന് പോയ സാരംഗിന് ഇപ്പോൾ സംഘടനയുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി. പെൺകുട്ടിയിൽ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.
District News
കണ്ണൂർ: സ്റ്റേഡിയത്തിന് പിറക്വശത്ത് ഫ്രീഡം പാർക്ക്, ബാങ്ക് റോഡിലും കോർപറേഷൻ നിർമിച്ച മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഉടൻ പ്രവർത്തിപ്പിച്ചു തുടങ്ങും. പദ്ധതി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് ക്രമീകരണ സംവിധാനങ്ങളായി. മറ്റ് നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി സ്വീകരിച്ച ശേഷം ഏറ്റവും ഫലപ്രദമായ രീതിയിലായിരിക്കും സംവിധാനം നടപ്പാക്കുക.
സംവിധാനം നടപ്പാക്കുന്നതിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം സ്റ്റേഡിയത്തിന് പിറകിലെ പാർക്കിംഗ് സംവിധാനത്തിലേക്കുള്ള പ്രവേശനം റെയിൽവേയുടെ കിഴക്കെ കവാടത്തിന് എതിരായുള്ള ഭാഗത്തു കൂടിയായിരിക്കും. പുറത്തേക്ക് പോകേണ്ടത് ഫ്രീഡം മൂവ്മെന്റ് പാർക്കിന്റെ വലത് വശത്തുകൂടിയാണ്. ഇവിടെ ആറു നിലകളിലായി 124 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്.
ബാങ്ക് റോഡിൽ ട്രാൻസ്ഫോർമറിനു സമീപത്തു കൂടി കയറുകയും അതേ വശത്ത് മുന്നോട്ട് ക്രമീകരിച്ച വഴിയിലൂടെ പുറത്തേക്കിറങ്ങുകയും വേണം.ആറ് നിലകളിലായി 31 കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സ്ലോട്ടുകളിൽ ഡ്രൈവർമാരെ മാത്രമേ കടത്തി വിടുകയുള്ളു.
രണ്ടിടങ്ങളിലും ഫയർ സേഫ്റ്റി ഉൾപ്പെടയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് പരിസരവും കാർ പാർക്കിംഗ് സിസ്റ്റവും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. വൈദ്യുതി തടസപ്പെടുന്ന മുറയ്ക്ക് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാനാവശ്യമായ ഡീസൽ എൻജിൻ, ഡീസൽ ജനറേറ്റർ ക്രമീകരണങ്ങളും സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
സ്ലോട്ടിലേക്ക് കയറുന്നതിന് മുന്‍പ് വിൻഡോ ഗ്ലാസുകൾ ഉയർത്തിയിരിക്കണം. സ്ലോട്ടിൽ ഹാൻഡ് ബ്രേക്ക് നിർബന്ധമായും ഇട്ടിരിക്കണം. പാർക്കിംഗ് ഏരിയയിൽ പത്തുകിലോമീറ്ററാണ് പരമാവധി വേഗത അനുവദിച്ചിരിക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ആദ്യ രണ്ടു മണിക്കൂറുകളിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപ നിരക്കിൽ എട്ടു മണിക്കൂർ സമയം വരെ പാർക്ക് ചെയ്യാം. 24 മണിക്കുറിന് 150 രൂപയും 30 ദിവസത്തേക്ക് 3500 രൂപയുമാണ് കരട് നിർദേശത്തിൽ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
District News
കേളകം: എല്ലാ വാർഡുകളിലും കളിക്കളങ്ങൾ ഒരുക്കി കേളകം പഞ്ചായത്ത് സന്പൂർണ കളിക്കള പഞ്ചായത്തായി മാറി. സന്പൂർണ കളിക്കള പഞ്ചായത്ത് പ്രഖ്യാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
ഈ നേട്ടത്തിലൂടെ സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് കേളകം മാതൃകയായി മാറിയിരിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു.
"പ്ലേ ഫോർ ഹെൽത്തി കേളകം"എന്ന പദ്ധതിയിൽ സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കളിസ്ഥലങ്ങൾ, പുറമ്പോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്തിലെ 13 വാർഡുകളിലും പഞ്ചായത്ത് വലുതം ചെറുതുമായ കളിക്കളങ്ങൾ ഒരുക്കിയത്.
അത്ലറ്റിക്സ്, ഫുട്ബോൾ, വോളി, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ജില്ലാപഞ്ചായത്തംഗം വി. ഗീത, പഞ്ചായത്തംഗം സജീവൻ പാലുമി, പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, സ്വതന്ത്ര കായിക ഗവേഷകൻ പ്രസാദ് വി ഹരിദാസൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളായ കെ.സി ജോർജ്, ജോൺ പടിഞ്ഞാലി, എം.വി. മാത്യു, കെ.ജി. വിജയ പ്രസാദ്, കെ.എം. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
District News
പയ്യന്നൂർ: രാമന്തളി ഒ.കെ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. എൽപി ജനറൽ വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻ സ്കൂൾ കോഴിച്ചാൽ, ജിഎൽപി സ്കൂൾ വെള്ളൂർ, സെന്റ് മേരീസ് യുപിഎസ് പുഞ്ചക്കാട്, സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ പയ്യന്നൂർ, കാറമേൽ എഎൽപി സ്കൂൾ, കുറുവേലി വിഷ്ണുശർമ എൽപി സ്കൂൾ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. ജെഎംയുപി സ്കൂൾ ചെറുപുഴ രണ്ടാം സ്ഥാനം നേടി.
യുപി ജനറൽ വിഭാഗത്തിൽ സെന്റ് മേരീസ് പയ്യന്നൂർ, സെന്റ് മേരീസ് പുഞ്ചക്കാട്, ജെഎംയുപി സ്കൂൾ ചെറുപുഴ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ അന്നൂർ യുപി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി.
അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ എസ്എബിടിഎം സ്കൂൾ തായിനേരി ഒന്നാം സ്ഥാനവും ഖായിദ മില്ലത്ത് എച്ച്എസ് കവ്വായി രണ്ടാം സ്ഥാനവും നേടി. അറബിക് യുപി വിഭാഗത്തിൽ ജിഎംയുപി സ്കൂൾ കവ്വായി ഒന്നാം സ്ഥാനവും എൻഎൻ സ്മാരക യുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എവിഎസ് ജിഎച്ച്എസ് ഒന്നാം സ്ഥാനവും എസ്എബിടിഎം ഹൈസ്കൂൾ തായിനേരി രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ കരിവെള്ളൂർ എവിഎച്ച്എസ് ഒന്നാം സ്ഥാനവും കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമതി ചെയർപേഴ്സണുമായ വി. ഷൈമ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർപെഴ്സൺ കെ.വി. ലളിത സമ്മാനദാനം നിർവഹിച്ചു.
District News
ഇരിട്ടി: യുഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
അഴിമതിയുടെ കൂത്തരങ്ങായി പടിയൂർ പഞ്ചായത്ത് മാറിയെന്നും 81 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തി എന്നു പറയുന്ന പഞ്ചായത്ത് അത്രയും രൂപ എവിടെ ചെലവാക്കി എന്ന് നാട്ടിലെ സാധാരണ ജനങ്ങളെ ബോധ്യപെടുത്തണമെന്നും മുഹമ്മദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ കൂട്ടത്തോടെ തള്ളി സിപിഎം പടിയൂർ പഞ്ചായത്തിൽ ആർഎസ്എസ് അജൻഡ് നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരേയും, യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ പട്ടികയിൽ നിന്നും തള്ളുന്നതിനെതിരേയും, വികസന മുരടിപ്പിനെതിരേയുമായിരുന്നു മാർച്ച്. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കുഞ്ഞിരാമൻ, കെ.പി. ബാബു, പി. അയൂബ്. വാർഡ് അംഗങ്ങളായ ആർ. രാജൻ, സിനി സന്തോഷ്, അബൂബക്കർ തുടങ്ങിയ നേതൃത്വം നല്കി.
District News
പെരുമ്പടവ്: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പ്രദേശത്ത് കാട്ടുപന്നികളെ വെടിവച്ചു കൊന്നു തുടങ്ങി. രണ്ട് വർഷത്തോളമായി ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ജനങ്ങളുടെ കൃഷികളും ഉത്പന്നങ്ങളും വിളകളും വൻ തോതിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭരണ സമിതിയോഗം പന്നികളെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചിരുന്നു.
ലൈസൻസുള്ള പത്തിൽ അതികം വരുന്ന തോക്ക് ഷൂട്ടർമാരെ നിയമിച്ചു. നേരത്തെ ഒരു തവണ ഓപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ, കാലവസ്ഥ പ്രതികൂലമായതിനാൽ നിർത്തിവയ്ക്കുകയായിരുന്നു.
എന്നാൽ ഏര്യം തെന്നം പ്രാദേശത്ത് വീണ്ടും മുപ്പതോളം വരുന്ന കർഷക രക്ഷാ സേന അംഗങ്ങൾ ഇറങ്ങി വീണ്ടും ഓപ്പറേഷൻ ആരംഭിച്ചു.
തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് എം പാനൽ ടീം കർഷകരക്ഷാ സേന, വാർഡ് മെംബർ ജംഷീർ ആലക്കാട്, ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ എം. ലക്ഷ്മണൻ, എം. അനീഷ്, എന്നിവരുടെ സാനിധ്യയത്തിൽ ഭാസ്കരൻ കക്കറ, വി. കൃഷ്ണൻ, പി. സുഭാഷ്, എ.വി. ജനാർദനൻ, കെ. ജയരാജൻ, സി. ജനാർദനൻ, പി. അജയൻ, വി.വി. ഹാരിസ്, പി. ഗോപിനാദൻ, എം. കുഞ്ഞിരാമൻ, എം. വി. റജീഷ്,സൂരജ് കാനായി എന്നിവർ ഓപ്പറേഷന് നേതൃത്വം നൽകി.
District News
കണ്ണൂർ: പത്രപ്രവർത്തക പെൻഷൻ തുക വർധിപ്പിക്കണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
കബീർ കണ്ണാടിപ്പറമ്പ്, കെ. വിജേഷ്, എം. സന്തോഷ്, കെ. സതീശൻ, വിനോദ് പായം, കെ.പി. ജൂലി, പി. ജയകൃഷ്ണൻ, കെ.കെ. സുബൈർ, എൻ.ടി. രമേശൻ, കെ.സി. രമേശൻ, ബഷീർ കൊടിയത്തൂർ, വി.വി. ദിവാകരൻ, സി.പി. സജിത്ത്, ജയദീപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
District News
തളിപ്പറന്പ്: തളിപ്പറന്പ് മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂർ വിജിലൻസ് സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരസഭയിലെ ആക്രി സാധനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്.
ആക്രിവില്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ക്ലർക്ക് വി.വി. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. സ്ക്രാപ്പിന്റെ വിലനിർണയം നടത്താതെയും ലേല നടപടിക്രമങ്ങൾ പാലിക്കാതെയുമായിരന്നു ആക്രിവില്പന നടത്തിയിരുന്നതെന്ന് നേരത്തെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലേല സംഖ്യ തുകയിൽ ആദ്യം കുറച്ച് മാത്രവുമായിരുന്നു അടച്ചത്. പിന്നീട് പരാതി ഉയർന്നതിനെ തുടർന്ന് ബാക്കി തുക അടയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആക്രി വില്പന സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കൗൺസിലർ സി.വി. ഗിരീശനായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പധികൃതർക്ക് പരാതി നൽകിയത്.
District News
ചെറുപുഴ: കെഎസ്എസ്പിഎ പെരിങ്ങോം മണ്ഡലം വാർഷിക സമ്മേളനം പാടിയോട്ടുചാൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. കെഎസ്എസ്പിഎ കണ്ണൂർ ജില്ലാ സെക്രട്ടറി പി. സുഖദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. കുഞ്ഞികൃഷ്ണൻ നവാഗതരെ സ്വീകരിച്ചു.
വയക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവി പൊന്നംവയൽ, പെരിങ്ങോം മണ്ഡലം പ്രസിഡന്റ് എ.കെ. രാജൻ, കെഎസ്എസ്പിഎ സംസ്ഥാന കൗൺസിലർ പി.ജെ. ജോസഫ്, സി.എം. ഇസ്മായിൽ, ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് എം.കെ. സുരേഷ് മാസ്റ്റർ, സെക്രട്ടറി കെ.എം. തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കോടൂർ കുഞ്ഞിരാമൻ, കെ.കെ. സുരേഷ് കുമാർ, യുഡിഎഫ് മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞപ്പൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. തങ്കമണി, കെ.സി. ഗ്രേസി, കെ.ജെ. മേരി, മണ്ഡലം സെക്രട്ടറി കെ.വി. മോഹനൻ, സി.കെ. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
District News
പന്ന്യാൽ: സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് തുടക്കമായി. വികാരി ഫാ. ജോമി ജോസഫ് പതീപ്പറന്പിൽ കൊടിയേറ്റി. ഒന്‍പതു ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിൽ നൊവേനയും കൊന്തപ്പത്തും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന തിരുനാൾ. ഒന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. തോമസ് വട്ടക്കാട്ടിൽ കാർമികത്വം വഹിക്കും. ഏഴിന് കൂട്ടുമുഖം കുരിശുപള്ളിയിൽ ഫാ. ബിബിൻ അഞ്ചന്പിൽ ലദീഞ്ഞിന് കാർമികത്വം വഹിക്കും. തുടർന്ന് പള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം .
രാത്രി 8.45 ന് പള്ളിയിൽ ഫാ. സജി മെത്താനത്ത് തിരുനാൾ സന്ദേശം നൽകും. 9.15 ന് ഫാ. ടോമി പട്ടുമാക്കിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. തുടർന്ന് വാദ്യമേളങ്ങളും ഡിസ്പ്ലെയും നടക്കും. രണ്ടിന് രാവിലെ 10 ന് നടക്കുന്ന റാസ കുർബാനയ്ക്ക് ഫാ. സിലിജോ ആവണിക്കുന്നേൽ കാർമികത്വം വഹിക്കും.
ഫാ. മാത്യു വട്ടുകുളങ്ങര, ഫാ. സജി മേക്കാട്ടേൽ, ഫാ. ഷെബിൻ ആനിമൂട്ടിൽ എന്നിവർ സഹകാർമികരാകും. ഫാ. ജിബിൽ കുഴിവേലിൽ തിരുനാൾ സന്ദേശം നൽകും. ഉച്ചക്ക് 12 ന് തിരുനാൾ പ്രദക്ഷിണം. ഫാ. ജിതിൻ ചേത്തലിൽ നേതൃത്വം നൽകും. 12.50 ന് ഫാ. ബേബി കട്ടിയാങ്കൽ പരിശുദ്ധ ആശീർവാദം നൽകും. തുടർന്ന് ഊട്ടുനേർച്ചയോടെ തിരുനാൾ സമാപിക്കും.
District News
തിരുമേനി: ചാത്തമംഗലം സെന്റ് ജൂഡ്സ് മലങ്കര കത്തോലിക്ക കുരിശുപള്ളിയിലെ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ ആഘോഷത്തിനു തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ച് ഫാ. സാമുവൽ പുതുപ്പാടി കൊടിയേറ്റ് നടത്തി. തുടർന്നു നടന്ന ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവയ്ക്ക് ഫാ. സിറിൽ പട്ടശേരിൽ നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ. ജയിംസ് മലേപറമ്പിൽ നേതൃത്വം നൽകും. നാളെ വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. വർഗീസ് താന്നിക്കാകുഴി നേതൃത്വം നൽകും.
നവംബർ ഒന്നു വരെ വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ജസ്റ്റിൻ വട്ടക്കുന്നേൽ, ഫാ. ബോബിൻ മരിയ, ഫാ. ചെറിയാൻ മുടമ്പള്ളിക്കുഴി, ഫാ. ഏബ്രഹാം പുന്നവിള, ഫാ. മാത്യു പാലകപ്രായിൽ എന്നിവർ നേതൃത്വം നൽകും.
സമാപന ദിവസമായ നവംബർ രണ്ടിന് രാവിലെ 8.30 ന് പ്രഭാതപൂജ, ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പുല്ലുകാലായിൽ നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടെ തിരുനാളാഘോഷം സമാപിക്കും.
District News
തളിപ്പറമ്പ്: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഫയർ ആൻഡ് റെസ്ക്യു സർവീസസ് അഗ്നിരക്ഷാ ബോധവത്കരണ ക്ലാസും 101 ഫയർ എക്സ്ടിംഗ്യുഷർ കൈമാറ്റവും കണ്ണുർ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. തളിപറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു.
എസ്.എം. ഫയർ സിസ്റ്റം പയ്യന്നൂർ സ്പോൺസർ ചെയ്ത 101 എക്സ്ടിംഗ്യുഷർ ഉടമ ടി.വി. സുരേഷ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.
ഫയർ ഓഫീസർ കുര്യാക്കോസ്, അസിസ്റ്റന്റ് ഫയർ ഓഫീസർ ഹരിനാരായണൻ, കെ.എം. അഷ്റഫ്, തളിപ്പറമ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, വൈസ് പ്രസിഡന്റ് വി. ഇബ്രാഹിംകുട്ടി, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: ദുരിതങ്ങളിലും നഷ്ടങ്ങളിലും വലയുന്ന നെല്കര്ഷരോട് ആരും ചെയ്യരുത് ഈ കൊടുംചതി. അപ്പര്‍ കുട്ടനാട്ടിലെ റോഡുകളോടു ചേര്‍ന്ന പാടങ്ങളിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നവര്‍ അറിയുന്നില്ല ഇത് നഗ്നപാദരായി ചെളിയിലൂടെ നടക്കുന്ന കര്‍ഷകരുടെ കാലുകളില്‍ തുളച്ചുകയറുമെന്ന്.
വഴിയോരങ്ങളില്‍ മദ്യപിച്ചശേഷം കുപ്പികള്‍ തോടുകളിലേക്കും പാടങ്ങളിലേക്കും വലിച്ചെറിയുന്നവര്‍ ഏറെയാണ്. പൊട്ടിവീഴുന്ന കുപ്പി പാടത്തിറങ്ങുന്ന കര്‍ഷകരുടെ കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കുന്നു. തുലാമഴയത്ത് ചേറില്‍ താഴ്ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ കാലില്‍ തുളച്ചു കയറി എട്ടും പത്തും തുന്നലുകളോടെ ചികിത്സ വേണ്ടിവന്ന കര്‍ഷകര്‍ ഏറെപ്പേരാണ്. ആഴ്ചകളോളം ജോലി തടസപ്പെടുന്നതു മാത്രമല്ല ഭാരിച്ച ചികിത്സച്ചെലവാണ് ഇതുണ്ടാക്കുന്നത്.
പ്രമേഹരോഗികളില്‍ മുറിവു കരിയാന്‍ ഏറെക്കാലം വേണ്ടിവരും. കള പറിക്കാനും വളമിടാനുമായി ചെളി പൂണ്ട പാടങ്ങളിലൂടെ ചെരിപ്പോ ഗമ്പൂട്ടോ ധരിച്ചു നടക്കുക ദുഷ്കരമാണ്. കൈകളില്‍ ഗ്ലൗസിട്ടു കള പറിക്കുന്നതും ബുദ്ധിമുട്ടാണ്. ദിവസവും പാടങ്ങളിലൂടെ നടന്ന് പൊട്ടിയതും പൊട്ടാത്തതുമായ ചില്ലുകുപ്പികള്‍ പെറുക്കി മാറ്റുകയാണ് കര്‍ഷകര്‍.
എത്ര കുപ്പികള്‍ പെറുക്കിമാറ്റിയാലും പാതയോര പാടങ്ങളില്‍ വീണ്ടും കുപ്പികള്‍ വീഴും. പ്രളയകാലത്ത് ഒഴുകിവരുന്ന കുപ്പികള്‍ പാടത്ത് അടിയുന്നതും ദുരിതം വര്‍ധിപ്പിക്കുന്നു. കുപ്പികള്‍ വലിച്ചെറിയാതെ ഇവ നിക്ഷേപിക്കാന്‍ പാതയോരങ്ങളില്‍ ഡ്രമ്മുകള്‍ സ്ഥാപിക്കാന്‍ നപടിയുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
District News
ചങ്ങനാശേരി: താലൂക്ക് റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ചങ്ങനാശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ജിപ്സണ്‍ പി. ജോണ്‍ അധ്യക്ഷത വഹിച്ചു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബി. ആദര്‍ശ് ഉദ്ഘാടനം നിര്‍വഹിച്ചു. അപ്പെക്സ് കൗണ്‍സില്‍ പ്രസിഡന്റ് സി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ആര്. സെമിനാര്‍ നയിച്ചു. ജോസുകുട്ടി കുട്ടംപേരൂര്‍, വിജി ഫിലിപ്, എന്‍. ഹബീബ്, ഗൈഡ്ക്യാപ്റ്റന്‍ സുനി എം., വിമുക്തി കോഓർഡിനേറ്റര്‍ പി.എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്കെതിരേ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വിശ്വാസ സംരക്ഷണ ദീപം തെളിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സലിം പി. മാത്യു, പി.എച്ച്. നാസര്‍, ബാബു കോയിപ്രം, പി.എം. കബീര്‍, മജീജ്ഖാന്, ടി.എസ്. സലിം, ആര്. രാജഗോപാല്‍, ജസ്റ്റിന് ബ്രൂസ്, പി.ജെ. ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍ നിയന്ത്രണം നഷ്ടമായ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിര്‍മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ 11നായിരുന്നു അപകടം. ചങ്ങനാശേരി വേളാങ്കണ്ണി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
മെക്കാനിക് ഗാരേജിലേക്ക് ബസ് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകരുകയും ബസിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ബസ് ഓടിച്ച മെക്കാനിക്കിനു പരിക്കുകളില്ല.
ഈ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേളാങ്കണ്ണി യാത്രക്കാരുമായി മറ്റൊരു എക്സ്പ്രസ് ബസാണ് സര്‍വീസ് പോയിരിക്കുന്നത്.
ഈ ബസില്‍ പാലക്കാട് ഡിപ്പോയില്‍ യാത്രക്കാരെ എത്തിക്കും. ഈ യാത്രക്കാരെ വേളാങ്കണ്ണിയില്‍നിന്നു വരുന്ന ചങ്ങനാശേരി ഡിപ്പോയുടെ സിഫ്റ്റ് ബസില്‍ കയറ്റി വിടും. അപകടത്തില്‍പ്പെട്ട ബസ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സര്‍വീസ് അയയ്ക്കാന്‍ രണ്ടാഴ്ചയെങ്കിലും കാല താമസം നേരിട്ടേക്കും.
District News
കാഞ്ഞങ്ങാട്: ഏതെങ്കിലും റോഡിന്റെ നവീകരണം തുടങ്ങുന്നുവെന്ന് കേട്ടാൽ ഇപ്പോൾ നാട്ടുകാർക്ക് ചങ്കിടിപ്പാണ്. ഒന്നോ രണ്ടോ മാസത്തേക്കാണെന്നുപറഞ്ഞ് റോഡ് അടച്ച് പണി തുടങ്ങിയാലും അത് തീരാൻ ചിലപ്പോൾ ഒരു വർഷത്തിലേറെയെടുക്കുമെന്നാണ് പലയിടങ്ങളിലെയും അനുഭവം. കാഞ്ഞങ്ങാട് നഗരസഭയിൽ തന്നെ ശ്രീകൃഷ്ണമന്ദിർ റോഡും അരയിപ്പാലം-ഗുരുവനം റോഡുമൊക്കെ അലങ്കോലമായി കിടക്കുന്നത് അങ്ങനെയാണ്. ഈ അവസ്ഥയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാവുകയാണ് ചേടിറോഡ് കവല - വാഴുന്നോറടി റോഡ്.
എംഎൽഎ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ ചെലവിൽ റോഡ് റീ ടാറിംഗ് നടത്തുന്നതിനും വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുമാണ് പദ്ധതി തയാറാക്കി കരാർ നൽകിയത്. ഒന്നര മാസം മുമ്പാണ് പ്രവൃത്തികൾ തുടങ്ങിയത്. കോൺക്രീറ്റ് ചെയ്യുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം വീതിയിലും ഒന്നരഅടി താഴ്ചയിലും കുഴിയെടുത്തു.
ഈ കുഴികളിൽ അരയടിയോളം ഉയരത്തിൽ ജില്ലി നിരത്തിയെങ്കിലും കോൺക്രീറ്റിംഗ് ഇതുവരെ നടന്നിട്ടില്ല. മഴ കനത്തതോടെ ഈ കുഴികളിൽ ചെളിവെള്ളം നിറഞ്ഞു. റോഡിന്റെ വശങ്ങളിലൂടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ വീതികുറഞ്ഞ റോഡിലൂടെ ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾ വന്നാൽ അവയുടെ ടയറുകളും കുഴിയിൽ താഴുന്നു.
ജനകീയ ആരോഗ്യകേന്ദ്രം, റേഷൻ കട, ഹയർസെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, ഐസിഡിപി കേന്ദ്രം തുടങ്ങിയവയെല്ലാം ഈ വഴിയിലാണ്. ഇവിടങ്ങളിൽ പോകേണ്ടവരെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കുഴിയെടുത്തതും ജില്ലി നിറച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പരിശോധന നീളുന്നതും മഴയുമാണ് പ്രവൃത്തികളുടെ വേഗം കുറച്ചതെന്നാണ് കരാറുകാർ പറയുന്നത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് ചെളിവെള്ളത്തിൽ മുങ്ങി
കാഞ്ഞങ്ങാട്: ഏറെക്കാലമായി തകർന്നും വശങ്ങളിൽ മലിനജലം നിറഞ്ഞും കിടക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിന്റെ നവീകരണം തുടങ്ങിയപ്പോൾ തന്നെ മഴ വന്നുവീണതോടെ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി. വശങ്ങളിൽ ആധുനിക രീതിയുള്ള ഓവുചാലുകൾ നിർമിക്കാനായി ആഴത്തിൽ കുഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് വീണ്ടും മഴ തുടങ്ങിയത്.
കുഴിയെടുക്കാനായി റോഡിലേക്കിട്ട മണ്ണും വെള്ളവും കലർന്ന് ചെളിയായി ഇപ്പോൾ റോഡിൽ മുഴുവനും ഒഴുകിപ്പരന്നിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം സഹിക്കുന്നത്. മത്സ്യമാർക്കറ്റിൽ നിന്നും ഒഴുകുന്ന മലിനജലം ഈ വെള്ളത്തിൽ കലരുന്നതിനാൽ രോഗഭീതിയോടെയാണ് ആളുകൾ ഇതിൽ കാലുകുത്തുന്നത്. ഇനി മഴ കുറച്ചെങ്കിലും അടങ്ങിയാലേ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്ന നിലയാണ്.
District News
ചെത്തിപ്പുഴ: അന്താരാഷ്ട്ര സ്ട്രോക്ക് ദിനാചരണത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ന്യൂറോ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ ന്യൂറോ സ്ട്രോക്ക് ക്യാമ്പ് 2025 നാളെ മുതല്‍ 31 വരെ സംഘടിപ്പിക്കും. ചങ്ങനാശേരി എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബി ആദര്‍ശ് ഉദ്ഘാടനം നിര്‍വഹിക്കും.
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. ഭാഗ്യ എസ്., ഡോ. ടിനോ ബേബി എന്നിവര്‍ നേതൃത്വം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 50 പേര്‍ക്കേ ഒരു ദിവസം ക്യാമ്പില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു. രജിസ്റ്റര്‍ ചെയ്യുന്നതിനുളള ഫോണ്‍ നമ്പര്‍: 8943353611.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഉന്നതനിലവാരമുള്ള ന്യൂറോളജി ചികിത്സ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
District News
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കാസര്‍ഗോഡ് ഉപജില്ലയും സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ഓവറോള്‍ ചാമ്പ്യന്മാരായി. 1545 പോയിന്റാണ് കാസര്‍ഗോഡ് ഉപജില്ല നേടിയത്. 1415 പോയിന്റോടെ ഹൊസ്ദുര്‍ഗ് രണ്ടാംസ്ഥാനവും 1345 പോയിന്റോടെ ബേക്കല്‍ മൂന്നാംസ്ഥാനവും നേടി.
ചെറുവത്തൂര്‍ (1264), ചിറ്റാരിക്കാല്‍ (1222), കുമ്പള (1175), മഞ്ചേശ്വരം (909) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
441 പോയിന്റാണ് ദുര്‍ഗ സ്കൂളിന്റെ സമ്പാദ്യം. 317 പോയിന്റുമായി പാക്കം ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും 281 പോയിന്റുമായി ചെമ്മനാട് സിജെഎച്ച്എസ്എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ് (279), കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് (271) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.
ശാസ്ത്രമേളയില്‍ പാക്കം ജിഎച്ച്എസ്എസും ഗണിതശാസ്ത്രമേളയില് മഞ്ചേശ്വരം എസ്എടിഎച്ച്എസും സാമൂഹ്യശാസ്ത്രമേളയില് എടനീര്‍ സ്വാമിജീസ് എച്ച്എസ്എസും പ്രവൃത്തിപരിചയമേളയില്‍ ദുര്‍ഗ എച്ച്എസ്എസും ഐടി മേളയില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസും ഓവറോള്‍ ചാമ്പ്യന്മാരായി.
ബങ്കളം കക്കാട്ട് ജിഎച്ച്എസ്എസില്‍ നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം. അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പൽ രഘുറാംഭട്ട്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ റോഹിന്‍രാജ്, ഹൊസ്ദുര്‍ഗ് എഇഒ എം. സുരേന്ദ്രന്, മുഖ്യാധ്യാപകന്‍ കെ.എം. ഈശ്വരന്, പിടിഎ പ്രസിഡന്റ് പി.വി. രാമകൃഷ്ണന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. രാജേഷ്, എസ്എംസി ചെയര്മാന് ടി.വി. ലതീഷ്, മദര്‍ പിടിഎ പ്രസിഡന്റ് സി.വി. ശാന്തിനി, എച്ച്എം ഫോറം കണ്‍വീനര്‍ എം.എ. അബ്ദുള്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മനംകവര്‍ന്ന് റോമിയോ
നീലേശ്വരം: ബൈക്ക് വാങ്ങിത്തരാന്‍ മാതാപിതാക്കളോട് വാശിപിടിക്കുന്ന പ്രായത്തില്‍ കമ്പല്ലൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി റോമിയോ ജോര്‍ജ് സ്വന്തമായി ഒരു ബൈക്ക് തന്നെ നിര്‍മിച്ചു.
സ്വന്തമായി നിര്‍മിച്ച ബൈക്കുമായെത്തിയ റോമിയോ തന്നെയായിരുന്നു ശാസ്ത്രോത്സവവേദിയിലെ താരം. ആക്രിസാധനങ്ങള്‍ ഉപയോഗിച്ചാണ് 10,000 രൂപ ചെലവിലാണ് രണ്ടാഴ്ച കൊണ്ട് ബൈക്ക് നിര്‍മിച്ചത്. ഇതിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വെല്‍ഡിംഗ് ജോലികള്‍ മുഴുവനും ചെയ്തത് റോമിയോയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി വാഹനം നിര്‍മിക്കാന്‍ താത്പര്യം തോന്നിയത്. ഇതിനായി മെഷീന് വാടകയ്ക്കെടുത്ത് സ്വന്തമായി വെല്‍ഡിംഗും പഠിച്ചെടുത്തു. കുറേക്കൂടി പണം ചെലവഴിക്കാനുണ്ടായിരുന്നെങ്കില് ഇതിലും മെച്ചപ്പെട്ട ബൈക്ക് ഉണ്ടാക്കാന്‍ കഴിയുമായിരുന്നൂവെന്ന് റോമിയോ പറയുന്നു. പാടിയോട്ടുചാല്‍ കരിപ്പോട് പരേതനായ ചെന്നിക്കര സിബി വര്‍ഗീസ്- ഷൈജി ദന്പതികളുടെ മകനാണ്.
പാവക്കൂട്ട് വിടാതെ അഭിഷ
നീലേശ്വരം: പത്താംക്ലാസിലാണ് പഠിക്കുന്നതെങ്കിലും പാവകളെ വിട്ടൊരു പരിപാടിക്ക് പി.എസ്.അഭിഷയെ കിട്ടില്ല.എന്നാല്‍ കളിപ്പാട്ടമല്ല, വരുമാനമാര്‍ഗമാണ് അഭിഷയെ സംബന്ധിച്ചിടത്തോളം പാവകള്‍. ഹൈസ്കൂള്‍ സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് വിദ്യാര്‍ഥിനി പാവകള്‍ സ്വന്തമായുണ്ടാക്കി കട വഴി വില്പന നടത്തുന്നുണ്ട്. വലുപ്പമനുസരിച്ച് ഓരോ പാവകള്‍ക്കും 350 മുതല്‍ 450 രൂപ വരെ ലഭിക്കും. പെരിയങ്ങാനത്തെ ഇലക്ട്രീഷ്യന് സുനില്‍കുമാറിന്റെയും ബാങ്ക് കളക്ഷന്‍ ഏജന്റായ രജിതയുടെയും മകളാണ്.
കുട്ടി ഇലക്ട്രീഷ്യൻ
നീലേശ്വരം: ഇലക്ട്രീഷ്യനായ അച്ഛന്റെ കഴിവ് പാരമ്പര്യമായി ലഭിച്ച അമല്‍ റോയ്ക്ക് ഇലക്ട്രിക്കല്‍ വയറിംഗ് ഒരു മത്സരയിനമായിരുന്നില്ല, മറിച്ച് ഈ മേഖലയിലെ തന്റെ മികവ് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനുള്ള വേദി മാത്രമായിരുന്നു.
ഇന്‍വര്‍ട്ടര്‍, ടൈമര്‍, മീറ്റര്‍, പവര്‍പ്ലഗ് എന്നിവ സെറ്റ് ചെയ്ത അമലിന്റെ മികവ് ഏവരെയും അദ്ഭുതപ്പെടുത്തി. ഈയിനത്തില്‍ ഒന്നാംസ്ഥാനവും മറ്റാര്‍ക്കും ആയിരുന്നില്ല.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമല്‍ മാവുള്ളാല്‍ അട്ടക്കാട് പൊട്ടംപ്ലാക്കല്‍ റോയ് സ്കറിയയുടെയും ബിന്ദുവിന്റെയും മകനാണ്.
District News
കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷന് കോട്ടയം കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 81 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷനംഗങ്ങളായ ഡോ.കെ.എം. ദിലീപും ഡോ.എം. ശ്രീകുമാറും പ്രത്യേകമായി നടത്തിയ സിറ്റിംഗുകളില്‍ ആകെ 95 പരാതികളാണ് പരിഗണിച്ചത്.
14 എണ്ണം അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. വിവരാവകാശ അപേക്ഷകര്‍ക്ക് സമയ ബന്ധിതമായി മറുപടി നല്‍കേണ്ട ഉത്തരവാദിത്വം നിറവേറ്റാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷനംഗങ്ങള്‍ പറഞ്ഞു.
District News
കോട്ടയം: നെടുംകുന്നം നെടുമണ്ണിയിലെ തടയണ മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ദുരിതം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്കി. സമീപവീടുകളില്‍ വെള്ളം കയറുന്നതും കൃഷി നശിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് തീരുമാനം.
തടയണയില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരെയും തടയണ കാരണം ദുരിതം അനുഭവിക്കുന്നവരെയും വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാര സാധ്യത തേടാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്കി.
കാഞ്ഞിരപ്പള്ളി ടൗണില്‍ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍ പങ്കെടുത്തു.
District News
ചങ്ങനാശേരി: പറാല്‍ നിവാസികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്ക് വെള്ളം എന്നു കിട്ടും. വാഴപ്പള്ളി പഞ്ചായത്ത് 20, 21 വാര്‍ഡുകളില്‍പ്പെട്ട പറാല്‍ സെന്റ് ആന്റണീസ് പള്ളി, ഇടക്കേരി, പാരിപ്പള്ളം, വിവേകാനന്ദ എല്‍പി സ്കൂള്‍ ഭാഗങ്ങളിലെ നൂറോളം വീടുകള്‍ക്കാണ് ശുദ്ധജലം മുടങ്ങിയിരിക്കുന്നത്. ശുദ്ധജലം മുടങ്ങിയിട്ട് മൂന്നാഴ്ചക്കാലം പിന്നിടുകയാണ്.
പൈപ്പുജലം മുടങ്ങിയതോടെ നാട്ടുകാര്‍ കിണറുകളെയും മഴവെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. പല കിണറുകളിലെയും വെള്ളം ഉപയോഗപ്രദമല്ലെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചെറുകരക്കുന്ന് ടാങ്കില്‍നിന്നുള്ള വെള്ളം വണ്ടിപ്പേട്ടയില്‍ എത്തിച്ചാണ് പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നത്.
വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പമ്പിംഗ് തകരാറാണ് ശുദ്ധജലവിതരണ തടസത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വീട്ടമ്മമാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടത്തില്‍
പറാലില്‍ പൈപ്പ് വെള്ളം മുടങ്ങിയതുമൂലം വീട്ടമ്മമാര്‍ക്ക് അതിദുരിതമാണ്. ദിവസങ്ങള്‍ക്കുമുമ്പ് ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. കിണറുകളിലെ വെള്ളം ഉപയോഗപ്രദമല്ല. വളരെ ദൂരത്തുപോയാണ് വീട്ടുപയോഗത്തിനായി വെള്ളം ശേഖരിക്കുന്നത്.
ആലീസ് ആന്റണി
പുത്തന്‍പുരയ്ക്കല്‍, വീട്ടമ്മ
പറാല്‍ നിവാസികള്‍ ദുരിതത്തില്‍
മൂന്നാഴ്ചക്കാലമായി ശുദ്ധജലം മുടങ്ങിയതോടെ പറാല്‍ നിവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ചെറുകരക്കുന്ന് ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ജയ്സണ്‍ ടി. തൈപ്പറമ്പില്‍
കേരള കോണ്‍ഗ്രസ്
നിയോജകമണ്ഡലം എക്സിക്യൂട്ടീവംഗം
ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നു : 14 ദശലക്ഷം ലിറ്റര്‍ വേണ്ടിടത്ത്
കിട്ടുന്നത് വെറും എട്ടു ദശലക്ഷം
ചങ്ങനാശേരി: 14 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വേണ്ടിടത്ത് കിട്ടുന്നത് വെറും എട്ടുമുതല്‍ പത്തു ദശലക്ഷം വരെ മാത്രം. ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നതാരെന്ന ചോദ്യമുയരുന്നു. കഴിഞ്ഞ അഞ്ചുമാസക്കാലമായാണ് കറ്റോട്, കല്ലിശേരി പദ്ധതികളില്‍നിന്നു ചങ്ങനാശേരിയിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നത്.
ഇതിനുമുമ്പ് ചങ്ങനാശേരിയിലേക്ക് 12 ദശലക്ഷം ലിറ്റര്‍വരെ വെള്ളം ലഭിച്ചിരുന്നതായാണ് കണക്ക്.
ഇത് മാസംതോറും കുറഞ്ഞാണ് എട്ടു ദശലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുന്നത്. കറ്റോട്, കല്ലിശേരി പദ്ധതികളില്‍ നിന്നുള്ള വെള്ളം ചങ്ങനാശേരി ചെറുകരക്കുന്നിലുള്ള രണ്ടു ജലസംഭരണികളിലെത്തിച്ച് ചങ്ങനാശേരി നഗരസഭയ്ക്കും പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പുതിയ കണക്ഷന് അടക്കം മുപ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഈ പരിധിയിലുള്ളത്.
എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് പറാല്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ദൗര്‍ലഭ്യം വര്‍ധിച്ചത്.
District News
തലയോലപ്പറമ്പ്: മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും സിഐഡി ഭായിയെന്നു വിളിപ്പേരുള്ള പഞ്ചാബിയായ ബാൽകിഷൻസിംഗിനെ മറക്കാൻ തലയോലപ്പറമ്പുകാർക്കാകുന്നില്ല. വേഷപ്രച്ഛന്നതയിലൂടെ തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും സുപരിചിതനായ പാലാംകടവ് മുണ്ടമ്പള്ളി കെ.സി.സാബുവെന്ന കലാകാരനിലൂടെ സിഐഡി ഭായി വീണ്ടും നിരത്തിൽ നിറയുന്നു. നാലു പതിറ്റാണ്ടു മുമ്പ് തലയോലപ്പറമ്പിലെത്തിയ ഭായിയെ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്തും വ്യാപാരസ്ഥാപനത്തിന്റെ പരസ്യചിത്രത്തിലെ മുഖശ്രീയായും തലയോലപ്പറമ്പ് ബാൽകിഷൻസിംഗിനെ നെഞ്ചേറ്റി.
ജനമനസിൽ നിറഞ്ഞുനിൽക്കുന്ന സിഐഡി ഭായിയുടെ വേഷപ്പകർച്ചയിൽ കെ.സി.സാബു തെരുവോരത്തും കടകളിലും കടന്നുവന്നപ്പോൾ ജനങ്ങൾ വിസ്മയഭരിതരായി. ഭായിയുടെ ചൂടും ചൂരുമറിഞ്ഞ തെരുവുനായ ഭായിയല്ലെന്ന് മണത്തറിഞ്ഞ് സാബുവിന്റെ നേർക്ക് കുരച്ചുചാടിയതും ജനങ്ങളിൽ കൗതുകമുണർത്തി.
നാലു പതിറ്റാണ്ട് കൈയിൽ വടിയേന്തി തെരുവിലലഞ്ഞ തലയോലപ്പറമ്പുകാരുടെ പ്രിയപ്പെട്ട ഭായി കഴിഞ്ഞ ജൂലൈ 20നാണ് മരിച്ചത്. അനാഥനായി തലയോലപ്പറമ്പിലെത്തിയ സിഐഡി ഭായിക്ക് തലയോലപ്പറമ്പ് നിവാസികൾ പൊതുദർശനത്തോടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി.
മണക്കുന്നം എസ്എൻഡിപിയുടെ പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയിലാണ് കെ.സി.സാബു സിഐഡി ഭായിയായി വേഷമിട്ടത്. പിന്നീട് പലതവണ തലയോലപ്പറമ്പ് ടൗണിൽ ഭായിയായി എത്തി ജനശ്രദ്ധയാകർഷിച്ചു.
തലയോലപ്പറമ്പിൽ ടയർ പഞ്ചർ കടയിലെ ജോലിയോടൊപ്പം നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള സാബു ഘോഷയാത്രകളിൽ സമകാലിക പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രച്ഛന്ന വേഷങ്ങൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത് .
തലയോലപ്പറമ്പിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന വടയാർ ഗോപി, രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച സരിത നായർ തുടങ്ങിയ വേഷങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ നേടി. ഭാര്യ മിനിയും മകൻ സച്ചിൻ സാബുവും പൂർണ പിന്തുണ നൽകുന്നു.
District News
വെള്ളൂർ: പിറവം റോഡ് റെയിൽവേ മേൽപാലത്തിന്റെ അടിപ്പാതയിലെ വെള്ളവും ചെളിയും നീക്കി. വെള്ളൂർ കല്ലുവേലി റെയിൽവേ അടിപ്പാതയിൽ വെള്ളവും ചെളിയും നിറഞ്ഞതിനെത്തുടർന്ന് ഗതാഗതം ദുഷ്കരമായ വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളൂർ കല്ലുവേലിൽ റെയിൽവേഗേറ്റ് മാറ്റി പകരം റെയിൽപാതയ്ക്ക് അടിയിലുടെ വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കടന്നുപോകുന്നതിനാണ് അടിപ്പാത തീർത്തത്. ചെളിയും വെള്ളവും നിറഞ്ഞതോടെ കാൽനടയാത്ര ദുഷ്കരമായി.
അവർമ സ്വദേശിയായ ബൈക്ക് യാത്രികന് അടിപ്പാതയിൽ വീണ് പരിക്കേറ്റിരുന്നു.വെള്ളൂർ-വെട്ടിക്കാട്ട്മുക്ക് റോഡിലൂടെ കെപിപിഎൽ, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് പോകുന്നത് അടിപ്പാതവഴിയാണ്. വെള്ളൂരിൽ ആരംഭിക്കുന്ന പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ലോറിയിൽ കൊണ്ടുപോകുന്ന മണ്ണ് താഴെ വീണ് വെള്ളക്കെട്ടിൽ ചേർന്ന് ചെളിയായി റെയിൽവേ വെള്ളം പമ്പുചെയ്തു കളയുന്നതിനു നിർമിച്ച കിണറ്റിൽ നിറഞ്ഞ് പമ്പിംഗ് തകരാറിലായതാണ് ഗതാഗതതടസത്തിന് ഇടയാക്കിയത്.
ചെളിയും വെള്ളവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ആർ. ഷാജി, പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധമടക്കമുള്ള സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചെളിയും വെള്ളവും നീക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്.
District News
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലാങ്കടവ് വാർഡിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പിടിപെടാതിരിക്കാൻ ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും കൈക്കൊള്ളണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് എത്തുന്നത്.
അണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും. സാധാരണയായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരാറില്ല.
പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം കൂടുതലാകുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കണം. സാധാരണ മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധ ചികിത്സ തേടണം.
അടുത്ത കാലത്ത് കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം.
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
നീന്തൽ കുളങ്ങളിൽ ആഴ്ചയിലൊരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയണം. കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. ടാങ്കുകളും കൃത്യമായ ഇടവേളകകളിൽ കഴുകി വൃത്തിയായി സൂക്ഷിക്കണം.
District News
തലയോലപ്പറമ്പ്: തടികയറ്റി വന്ന മിനിലോറിയും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. പൊതി മേഴ്സി കവലയ്ക്കു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
പൊതിഭാഗത്തുനിന്നു തടി കയറ്റിവന്ന മിനിലോറിയും തലയോലപ്പറമ്പ് ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടർന്ന് മിനിലോറി റോഡിനു നടുവിലേക്ക് തെന്നിമാറിയത് ഏതാനുംനേരം ഗതാഗതം തടസപ്പെടുത്തി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
District News
മാലക്കല്ല്: വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ നേതൃ പരിശീലനവും മാലക്കല്ല് യൂണിറ്റ് കുടുംബസംഗമവും മാലക്കല്ല് ലൂർദ് മാതാ പാരീഷ് ഹാളിൽ വികാരി ഫാ. ടിനോ ചാമക്കാല ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മാനുവൽ കുറിച്ചിത്താനം ആമുഖപ്രസംഗം നടത്തി.
ജില്ലയിലെ വിവിധ യൂണിറ്റ് ഭാരവാഹികൾക്കായുള്ള നേതൃ പരിശീലന പരിപാടിയിൽ ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് അസി. പ്രഫസറും ഇന്റർനാഷണൽ ട്രെയിനറുമായ ഷിജിത്ത് തോമസ് ക്ലാസെടുത്തു.
കള്ളാർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ജോയി എ.ജെ. എടാട്ട് കാലായിയെ ഉപഹാരം നൽകി ആദരിച്ചു. വൈസ് ചെയർമാൻ അജീഷ് അഗസ്റ്റിൻ, വുമൺസ് ഫോറം എക്സിക്യുട്ടീവ് അംഗം സുമ സാബു, വനിതാ ഫോറം ജില്ല ചെയർപഴസൺ സിസിലി പുത്തൻപുര, യൂണിറ്റ് പ്രസിഡന്റ് പി.സി. ബേബി പള്ളിക്കുന്നേൽ, സെക്രട്ടറി ജോൺ പുല്ലമറ്റം, കോളിച്ചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.ഒ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പ്: ടാങ്കർ ലോറിയുടെ പിൻഭാഗത്തെ ടയറിൽനിന്നു തീയും പുകയും ഉയർന്നത് ഭീതി പരത്തി.എറണാകുളത്തുനിന്നു ഹരിപ്പാടിന് പോകുകയായിരുന്ന ഇന്ധനം കയറ്റിയ ടാങ്കർ ലോറിയുടെ ബ്രേക്ക് ലൈനർ ജാമായതിനെത്തുടർന്ന് ചൂടായാണ് തീയും പുകയും ഉയർന്നത്.
വൈക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.
ഇന്നലെ രാവിലെ പത്തിന് മുറിഞ്ഞപുഴപാലത്തിനു സമീപമായിരുന്നു സംഭവം. തകരാറിലായ ടയർ ഊരിമാറ്റി മറ്റൊരു ടയർ ഘടിപ്പിച്ചശേഷമാണ് ടാങ്കർ യാത്ര തുടർന്നത്.
District News
വൈക്കം: വേന്പനാട്ടുകായൽ നീന്തിക്കടന്ന് യുകെജി വിദ്യാ ർഥികളായ ഇരട്ടകൾ. എസ്ബിഐ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ഇന്നലെ വേമ്പനാട്ടുകായൽ കുറുകെ നീന്തി കീഴടക്കിയത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽ കടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് 1.46 മണിക്കൂർകൊണ്ട് നീന്തിക്കടന്നത്.കായലോര ബീച്ചിൽ നടന്ന അനുമോദന യോഗം അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻന്റ് പി. പ്രീതി, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദൻ, എ.മനാഫ്, എൻ.പി.അൻസൽ തുടങ്ങിയവർ സംബന്ധിച്ചു.
District News
ചീമേനി: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പോക്സോ കേസ് പ്രതി പിടിയിൽ. 2023 ൽ ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായിരുന്ന പനയാൽ കൂട്ടപുന്ന സ്വദേശി മധുസൂദനൻ നായർ ( 62) ആണ് വീണ്ടും പിടിയിലായത്.
ഇയാൾക്കെതിരേ കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ചീമേനി പോലീസും സ്പെഷൽ സ്ക്വാഡും ചേർന്നാണ് ഇയാളുടെ ഒളിയിടം കണ്ടെത്തിയത്.എഎസ്ഐ ശിവകുമാർ, ചീമേനി പോലീസ് സ്റ്റേഷനിലെ എസ്സിപിഒ കെ.വി. അജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
District News
തലയോലപ്പറമ്പ്: വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്ന ദിശാബോർഡുകൾ കാടുകയറിമൂടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അപകടകരമായ വളവുകൾ, വാഹനാപകടസാധ്യതയുള്ള സ്ഥലങ്ങളിലെ വേഗപരിധി മുന്നറിയിപ്പുകൾ, സ്ഥലനാമ സൂചകങ്ങൾ ഇതെല്ലാം തലയോലപ്പറമ്പിലെ തെരുവോരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കാടുപിടിച്ച് മറഞ്ഞ നിലയിലാണ്.ചിലത് വാഹനങ്ങൾ തട്ടി ഒടിഞ്ഞത് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചിരിക്കുകയാണ്.
മറ്റുചില സ്ഥലങ്ങളിൽ ബോർഡുകൾ നഷ്ടപ്പെട്ട് കാലുകൾ മാത്രമായി നിൽക്കുകയാണ്. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ള വടയാർ പൊട്ടൻചിറ വളവിൽ സ്ഥാപിച്ചിട്ടുള്ള അപായസൂചക ബോർഡ് കാടുപിടിച്ചു മറഞ്ഞ നിലയിലാണ്.
തലയോലപ്പറമ്പ് നൈസ് തിയറ്ററിന് തൊട്ടുമുൻപായി 40 കിലോമീറ്റർ വേഗപരിധിയെന്നു കാണിച്ചിട്ടുള്ള ബോർഡ് കാടിനുള്ളിലാണ്. തലപ്പാറയിൽ നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ജംഗ്ഷനിലെ ഒടിഞ്ഞ ദിശാബോർഡ് കയറുപയോഗിച്ച് തലകീഴായി കെട്ടിവച്ചി രിക്കുകയാണ്. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വീഥികളിലെ ദിശാബോർഡുകൾ പുനഃസ്ഥാപിച്ച്് ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കാസർഗോഡ്: ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ പോലീസ് സ്പെഷൽ ഡ്രൈവ് നടത്തി.3396 വാഹനങ്ങൾ പരിശോധിക്കുകയും 1243 നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുകയും ചെയ്തു.
184 വാറണ്ട് പ്രതികളെ പിടികൂടി. എൻഡിപിഎസ് ആക്ട് പ്രകാരം എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ഒരാളിൽ നിന്നും 1.76 ഗ്രാം എംഡിഎംഎ പിടികൂടി മുട്ടത്തൊടി ഇസത് നഗർ സ്വദേശി ബദറുദ്ദീൻ (36) ആണ് വിദ്യാനഗർ പോലീസിന്റെ പിടിയിലായത്. പതിനാലായിരത്തോളം പായ്ക്കറ്റ് നിരോധിത ലഹരിവസ്തുക്കളുമായി മാഹി ഇടയിൽപീടിക സ്വദേശികളായ ടി. സുബാഷ് (39 ), വിനേഷ് കുമാർ (48) എന്നിവർ കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായി.
District News
കുമാരനല്ലൂര്‍: ട്രെയിന്‍ തട്ടി വയോധികൻ മരിച്ചു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കുമാരനല്ലൂര്‍ മിനി ഇൻഡസ്ട്രിയുടെ ഭാഗത്താണ് അപകടമുണ്ടായത്. എറണാകുളം-കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
കൊടുങ്ങല്ലൂർ : മുസിരിസ് ജലപാതയിൽ പതിനായിരങ്ങൾക്ക് ആവേശം പകർന്ന് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം പാത ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയ്യപുരം ചുണ്ടൻ ജേതാവായി.
പുന്നമട ബോട്ട് ക്ലബിന്റെ നടു ഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാമത്ത മത്സരമാണ് കോട്ടപ്പുറം കായലിൽ നടന്നത്. ഇതോടൊപ്പം മുസരീസ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ ബി ഗ്രേഡ് വിഭാഗത്തിൽ മടപ്ലാത്തുരുത്തി വള്ളം ഒന്നാം സ്ഥാനത്തും, വടക്കുംപുറം വള്ളം രണ്ടാം സ്ഥാനത്തും, സെന്റ്് സെബാസ്റ്റ്യൻസ് വള്ളം മൂന്നാം സ്ഥാനത്തുമെത്തി.
എ ഗ്രേഡ് വിഭാഗത്തിൽ ഗരുഡൻ വള്ളം ഒന്നാമതെത്തി. താണിയൻ വള്ളം രണ്ടാം സ്ഥാനവും ഗോതുരുത്ത് പുത്രൻ മൂന്നാം സ്ഥാനവും നേടി. വി.ആർ. സുനിൽകുമാർ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ബോബി ചെമ്മണ്ണൂർ എന്നിവർ മുഖ്യാതിഥികളായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.
വി.ആർ. സുനിൽകുമാർ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
District News
അതിരമ്പുഴ: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വര്‍ഷക്കാലയളവില്‍ നടന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. അതിരമ്പുഴ പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അതിരമ്പുഴയുടെ സ്നേഹാദരം മന്ത്രി ഏറ്റുവാങ്ങി.
റിസോഴ്സ് പേഴ്സണ്‍ കെ.ജെ. മാത്യു, സെക്രട്ടറി സി.വൈ. നിസി ജോണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോര്‍ജ്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
District News
ആറ്റൂർ: അറഫ സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന സിബിഎസ്ഇ ജില്ല സഹോദയ കലോത്സവത്തിൽ തൃശൂർ ദേവമാത സിഎംഐ പബ്ലിക്ക് സ്കൂൾ പത്താംതവണയും കിരീടം സ്വന്തമാക്കി. അഞ്ചു വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയ ദേവമാതയ്ക്ക് 1078 പോയിന്റ് ലഭിച്ചു.
ചിന്മയ വിദ്യാലയ കോലഴി 833 പോയിന്റ് നേടി രണ്ടാംസ്ഥാനവും പാറമേക്കാവ് വിദ്യാമന്ദിർ 830 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. നിർമലമാത സെൻട്രൽ സ്കൂൾ തൃശൂർ 823 പോയിന്റ് നേടി നാലാംസ്ഥാനവും ഐഇഎസ് ചിറ്റിലപ്പിള്ളി 813 പോയിന്റ് നേടി അഞ്ചാംസ്ഥാനവും കരസ്ഥമാക്കി.
കലോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനവും അവാർഡ് ദാനവും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 75 സ്കൂളുകളിൽനിന്നായി ആറായിരത്തിലധികം വിദ്യാർഥികൾ 147 ഇനങ്ങളിലായി മാറ്റുരച്ചു.
District News
അതിരമ്പുഴ: ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് നാല് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അനുവദിച്ചു.
പാനലുകളുടെ സ്വിച്ചോൺ കർമം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുര്യൻ, അഡ്വ. മൈക്കിൾ ജയിംസ്, രെഞ്ചു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
മറ്റക്കര: വടക്കേടം-മഞ്ഞക്കാവ്-മുണ്ടുവാലേൽ കോൺ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ പന്നഗം തോടിനു കുറുകെയുള്ള വാഴപ്പള്ളി പാലത്തിന് കൈവരി അത്യാവശ്യമാകുന്നു.
വാഹനങ്ങൾ കടന്നുപോകത്തക്ക വിധം ചപ്പാത്ത് രീതിയിലാണ് പാലം നിർമിച്ചത്. എന്നാൽ, പാലത്തിന് മതിയായ രീതിയിൽ കൈവരി ഇല്ലാത്തത് അതുവഴി വാഹനങ്ങൾ യാത്രചെയ്യുമ്പോൾ അപകട സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ചു രാത്രി കാലങ്ങളിൽ.
വടക്കേടം ജംഗ്ഷനിൽനിന്ന് വരുന്ന റോഡ് പാലത്തിലേക്ക് കയറുന്ന ഭാഗവും നിലവിൽ അപകട ഭീഷണി ഉയർത്തുന്ന രീതിയിലാണുള്ളത്. പാലത്തിന്റെ ഇരുഭാഗവും വൃത്തിയാക്കി കൈവരി കൂടി പണിത് പാലം സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.
District News
തൃശൂർ: കൂർക്കഞ്ചേരി സോണൽ ഓഫീസിനോടു ചേർന്ന 50 സെന്റ് സ്ഥലത്ത് കോർപറേഷൻ നിർമിച്ച ആധുനിക മിനി ഫുട്ബോൾ ടർഫ് നഗരത്തിന്റ പുതിയ കായിക ഹൃദയമാകാൻ ഒരുങ്ങുന്നു. വർഷങ്ങളോളം വിവിധ ഡിവിഷനുകളുടെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ഈ സ്ഥലത്ത് ഇനി ആവേശത്തിന്റെ കാൽപ്പെരുമാറ്റം കേൾക്കാം.
75 ലക്ഷം രൂപ ചെലവിൽ 24 മീറ്റർ വീതിയിലും 36 മീറ്റർ നീളത്തിലും നിർമിച്ച ഈ ടർഫ് കോർപറേഷന്റെ മാതൃകാപദ്ധതികളിൽ ഒന്നാണ്. ടർഫിനോട് ചേർന്ന് ഇരുമ്പുമറയും നടപ്പാതയിൽ ടൈൽ വിരിക്കലും പൂർത്തീകരിച്ചിട്ടുണ്ട്.29ന് വൈകീട്ട് ആറിന് മേയർ എം.കെ. വർഗീസ് ടർഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മാലിന്യങ്ങൾ നീക്കി ശുചീകരിച്ച ശേഷം, പുതുതലമുറയെ ലഹരിയുടെ വഴികളിൽനിന്ന് അകറ്റി കായികരംഗത്തിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടർഫ് വികസിപ്പിച്ചതെന്ന് ഡിവിഷൻ കൗൺസിലർ വിനേഷ് തയ്യിൽ പറഞ്ഞു.
District News
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ 2031ഓടെ സംഭവിക്കേണ്ട ക്രിയാത്മക മാറ്റങ്ങള്‍ സംബന്ധിച്ച ആശയസമാഹരണത്തിനായി സഹകരണവകുപ്പ് സംഘടിപ്പിക്കുന്ന വിഷന്‍-2031 ഏകദിന സെമിനാര്‍ 28ന് ഏറ്റുമാനൂരില്‍ നടക്കും.
ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്വന്ഷന് സെന്ററില്‍ രാവിലെ 9.30 ന് മന്ത്രി വി.എന്‍. വാസവന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും.
സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി വീണ എന്‍. മാധവന്, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സി.കെ. ആശ,
ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര, സംസ്ഥാന സഹകരണ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
District News
തൃശൂർ: നഗരനിവാസികളിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ളനിരക്ക് കൂട്ടാൻ സിപിഎം ഭരണസമിതി വളഞ്ഞ വഴി സ്വീകരിക്കുന്നതായി പ്രതിപക്ഷ ആരോപണം. നിരക്കുവർധനയെ എതിർത്ത പ്രതിപക്ഷ കൗണ്‍സിലർമാരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും നിലപാട് മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. മേയറുടെ നിർദേശപ്രകാരമാണു കോർപറേഷൻ സെക്രട്ടറി പ്രതിപക്ഷ കൗണ്‍സിലർമാർക്ക് ഭീഷണിസർക്കുലർ അയച്ചതെന്നും നിയമവിരുദ്ധമായ നടപടിയിലൂടെ പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് കുടിവെള്ളനിരക്ക് കൂട്ടണമെന്ന് ഭരണസമിതി നിലപാടെടുത്തിരിക്കുന്നത്. എന്നാൽ, കൗണ്‍സിൽ നിരക്ക് കൂട്ടേണ്ടതില്ലെന്നു തീരുമാനമെടുത്താൽ ഓഡിറ്റ് പരാമർശം അസാധുവാകും. ഇതിന്റെ മറവിൽ ജനങ്ങൾക്കെതിരേ അധിക നിരക്ക് അടിച്ചേൽപ്പിക്കാനാണ് സിപിഎം ഭരണസമിതിയുടെ ശ്രമമെന്നും യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയേൽ പറഞ്ഞു.
ജനങ്ങളുടെ തലയിൽ അധിക കുടിവെള്ളനിരക്ക് അടിച്ചേൽപ്പിക്കാൻ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും നിയമപരമായ ബാധ്യത ഇല്ലാതെയാണ് സിപിഎം ഭരണസമിതി ജനവിരുദ്ധതീരുമാനവുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
കോട്ടയം: കഴിഞ്ഞ 14 വര്‍ഷമായി കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രം നടത്തുന്ന പ്രഫഷണല്‍ നാടകമേള നവംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ടുവരെ കോട്ടയത്ത് ശാസ്ത്രി റോഡിലെ ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടക്കും.
മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന്റെ എവറോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. മികച്ച രചന, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, ഹാസ്യനടൻ, സംഗീതം, ഗാനാലാപനം, ഗാനരചന മികച്ച ദീപസംവിധാനം, രംഗസജ്ജീകരണം, ജനപ്രിയനാടകം എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും.
അവതരണാനുമതി ലഭിക്കുന്ന ഓരോ നാടകത്തിനും 15,000/രൂപ പ്രതിഫലമായും ദൂരമനുസരിച്ച് യാത്രാച്ചെലവും നല്‍കും.
വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന 10 നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകള്‍ 31നകം 2025ലെ പുതിയ നാടകത്തിന്റെ സ്ക്രിപ്റ്റിന്റെ ഒരു കോപ്പി, കണ്‍വീനര്‍ നാടകമത്സരം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം-686 001 എന്ന വിലാസത്തില്‍ അയച്ചുതരണം. ഫോൺ: 9447008255, 9846478093, 9188520400.
District News
പള്ളിക്കത്തോട്: ബസ് സ്റ്റാന്‍ഡില്‍നിന്നു കോട്ടയത്തേക്ക് പുറപ്പെട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം ആറിന് സ്റ്റാന്‍ഡില്‍നിന്നു ബസ് പുറത്തേക്ക് ഇറങ്ങുന്പോഴാണ് സംഭവം. റോഡിന് കുറുകെ ഫുട്പാത്തും കടന്നാണ് ബസ് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ കടയുടെ മുമ്പിലെ റൂഫിംഗ് പൂര്‍ണമായി തകര്‍ന്നു. ഏറെ തിരക്കേറിയ റോഡിലാണ് അപകടമെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
District News
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ ഒരുമണിക്കൂറിനിടെ നാല് അപകടങ്ങള്‍.
ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പുതുക്കാട് കാഞ്ഞൂര്‍ സ്വദേശി മൂര്‍ക്കനാട്ടുകാരന്‍ വീട്ടില്‍ തോമസിനാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ തോമസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കാഞ്ഞൂര്‍ റോഡില്‍നിന്ന് ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറില്‍ ചാലക്കുടി ഭാഗത്തുനിന്നുവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സ്കൂട്ടറില്നിന്നുവീണ തോമസിന്റെ കാലില്‍ ലോറിയുടെ മുന്‍ചക്രം കയറി. നാട്ടുകാര്‍ചേര്‍ന്നാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഒരുമണിക്കൂറിനിടെ മൂന്ന് അപകടങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. സ്വകാര്യ ബസും ബൈക്കും, കെഎസ്ആര്‍ടിസി ബസും ബൈക്കും, രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനിടെയാണ് നാല് അപകടങ്ങളും സംഭവിച്ചത്. ആമ്പല്ലൂര്‍ മുതല്‍ പുതുക്കാട് സെന്റര്‍ കടന്നും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇതിനിടെ സിഗ്നല്‍ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ കടക്കാന്‍ ശ്രമിച്ചതാണ് അപകടങ്ങള്‍ക്കിടയാക്കിയത്.
District News
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ബിജെപിയിൽ ചേർന്നു. 34 വർഷമായി സജീവ സിപിഎം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ജോർജ് മാത്യുവാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായി വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പൂഞ്ഞാർ തെക്കേക്കരയിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അംഗമായ ജോർജ് മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും വിഷയം ചർച്ച ചെയ്യുകയും പി.സി. ജോർജിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു വഴങ്ങിയില്ല.
തുടർന്ന് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കോൺഗ്രസ് പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബിജെപിയിലേക്ക് ചേക്കേറിയ ജനപക്ഷത്തിന്റെ പിന്തുണ അപ്പോഴും ജോർജ് മാത്യുവിന് ഒപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും പ്രസിഡന്റുസ്ഥാനത്ത് തുടരാൻ ജോർജ് മാത്യുവിനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മിനർവ മോഹൻ എന്നിവരും പങ്കെടുത്തു.
District News
തിരുവില്വാമല: കുട്ടികളുടെ കർമശേഷിയെ നേരായ മാർഗത്തിലേക്ക് തിരിച്ചുവിട്ട് അവരെ രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്നും അതാണ് യഥാർഥ വിദ്യാഭ്യാസമെന്നും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി.
തിരുവില്വാമല പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജില്ലാപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നിർമിച്ച എരവത്തൊടി സ്മാർട്ട് അങ്കണവാടിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജു നാരായണസ്വാമി. പിഞ്ചുകുഞ്ഞുങ്ങളെല്ലാം ഊർജത്തിന്റെ ഉറവിടങ്ങളാണ്. ഒരു ശിശു, കുഴച്ച കളിമണ്ണ് പോലെയാണ്. ആ കുഞ്ഞിനെ ഏതുതരത്തിൽ രൂപാന്തരപ്പെടുത്തിയെടുക്കുന്നു എന്നത് ചെറുപ്പകാലത്ത് ലഭിക്കുന്ന വിദ്യാഭ്യാസമാണ്.
ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അങ്കണവാടികൾക്ക് നിർവഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്.നായർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
District News
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : നങ്കൂരമിട്ടിരുന്ന കപ്പലിലെ നീണ്ട നാല് മാസത്തെ കടൽവാസത്തിന് അവസാനം കുറിച്ച് 11 ഇന്ത്യക്കാരും ഒരു ഖാനക്കാരനുമടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം തുറമുഖത്തണഞ്ഞു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ഉൾക്കടലിൽ മുങ്ങിയ എംഎസ്സി എൽസ- 3 യുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്ത് വിഴിഞ്ഞത്ത് തടഞ്ഞുവച്ച എംഎസ്സി അക്കിറ്റേറ്റ് -2 ലെ ജീവനക്കാർക്കാണ് ഇന്നലെ കര കയറാനുള്ള ഭാഗ്യം ലഭിച്ചത്.
ലൈബീരിയൻ രജിസ്ട്രേഷനുള്ള അക്കിറ്റേറ്റ് ആഫ്രിക്കൻ രാജ്യമായ ഖാനയിലെ ടാമറ്റാസിൽ നിന്ന് കണ്ടെയ്നറുകളുമായി നാല് മാസം മുൻപാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ ഇറക്കിയുള്ള ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് കോടതി വിധിയും വന്നു. അതോടെ തിരിച്ച് പോക്കും അനിശ്ചിതത്വത്തിലായി. കപ്പലിനെ തീരത്ത് നിന്ന് നാലര നോട്ടിക്കൽ ഉൾക്കടലിലേക്ക് മാറ്റി നങ്കൂരമിടാൻ അധികൃതർ നിർബന്ധിതരായി. ജീവനക്കാരിൽ ഇന്ത്യക്കാരായ പതിനൊന്ന് പേരും ചീഫ് എൻജിനിയറായ ഖാനാ സ്വദേശി അഡ്ജെ അഗ്രിജോൺ കോബിന ഉൾ പ്പെടെയുള്ളവരും കടലിൽ കുടുങ്ങി.
ഏത് പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് പായുന്ന കപ്പലിലെ നീണ്ടകാല യാത്രക്കിടയിലും തളരാത്തവർപുറം കടലിൽ നങ്കൂരമിട്ട കണ്ടെയ്നറിലെ നാല് മാസത്തെ വാസത്തിനിടയിൽ മാനസികമായി തളർന്നു. കപ്പലിലെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞപ്പോൾ വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖ അധികൃതർ ഒരു മാസം മുൻപ് ടഗ്ഗിൽ ആവശ്യത്തിനുള്ള എല്ലാം എത്തിച്ച് സഹായിച്ചു. തിരിച്ച് പോക്ക് അനിശ്ചിതത്വത്തിലായതോടെ നിരാശയിലായവരെ പുറത്തിറക്കാനുള്ള മാസ്റ്ററുടെ അപേക്ഷ പ്രകാരമാണ് എല്ലാ നടപടികളും പൂർത്തിയാക്കി മാരിടൈം ബോർഡ് തുറമുഖ അധികൃതർ എല്ലാവരെയും പുറംകടലിൽ നിന്ന് തുറമുഖത്ത് എത്തിച്ചത്.
പകരം മറ്റ് പതിനൊന്ന് ജീവനക്കാരെ കപ്പലിൽ എത്തിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 25 നാണ് 640 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എംഎസ്സിയുടെ എൽസാ - 3 കടലിൽ മുങ്ങിയത്. ഉണ്ടായിരുന്ന 24 ജീവനക്കാരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആകെയുള്ള 640 കണ്ടെയ്നറുകളിൽ 13 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയ കെമിക്കൽ എന്നത് ഏറെ ആശങ്കക്കിടവരുത്തിയിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ൺ കണക്കിന് ഓയിലും കെമിക്കലും എല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് അതേ കന്പനിയുടെ കപ്പലായ അക്കിറ്റേറ്റക്ക് വിനയായത്. ഇനിസർക്കാർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും നൽകി കോടതിയുടെ അന്തിമ വിധിയും കഴിഞ്ഞ് വേണം തീരം വിടാൻ.
District News
ചാവക്കാട്: മണത്തല ദേശീയപാതയിൽ രൂപപ്പെട്ട കുഴിയിൽചാടി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ്.
മണത്തല പള്ളിക്ക് വടക്കുവശം നിലവിലുള്ള റോഡ് സർവീസ് റോഡായി മാറിയപ്പോൾ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ബൈക്ക് കുഴിയിൽ ചാടി മൂന്നുപേർക്ക് പരിക്കേറ്റു. മണത്തല പാലപ്പെട്ടി ഹള്ളത്ത് (40), ഭാര്യ ആസിയ (35), മകൻ മുഹമ്മദ് മുസ്തഫ (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സതേടി.
ദേശീയപാത അധികൃതരെ വിവരമറിയിച്ചിട്ടു ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
അടിയന്തരമായി കുഴികൾ അടച്ചില്ലങ്കിൽ ദേശീയപാതയുടെ പണികൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
District News
നെയ്യാർഡാം: കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തി. ഇന്നലെ വൈകുന്നേരമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ രാവിലെ 10 സെൻറീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തി യിരുന്നു. ഇതോടെ ഇന്നലെ രാവിലെ ആകെ 30 സെൻറീമീറ്റർ ആണ് ഷട്ടറുകൾ ഉയർത്തിയത്.
മഴയുടെ തുടർച്ചയും പ്രദേശത്തിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുന്നതും കാരണം
വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 20 സെന്റിമീറ്റർ വീതം കൂടി നാല് ഷട്ടറുകളും ഉയർത്തിയത്. ഇതോടെ ഓരോ ഷട്ടറുകളും ആകെ 50 സെൻറീമീറ്റർ ഉയർത്തി.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ, തീരത്തുള്ളവരൊക്കെ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ഇതോടെ ആറ്റിലേക്ക് വൻ ജല പ്രാവഹമുള്ളത്. പലേടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറി. അഞ്ചു ചങ്ങലയിലും വെള്ളപൊക്കമുണ്ട്. വനത്തിൽ നല്ല മഴയാണ് ചെയ്യുന്നത്. അണക്കെട്ടിലേക്ക് നീരൊഴുകുന്ന നദികളായ നെയ്യാർ കല്ലാർ തുടങ്ങിയ നദികളിലും മറ്റ് ഒട്ടേറെ ചെറു നദികളിലും നിന്നും വെള്ളം ഡാമിലേക്ക് എത്തുന്നുണ്ട്.
District News
ഗുരുവായൂര്‍: മാലിന്യസംസ്കരണത്തിന് ഹരിതകർമസേന ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നതായി കെഎസ്ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു.
ചൂല്‍പ്പുറത്ത് ഹരിതകര്‍മസേന സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി നവീകരിച്ച അഗ്രോ നഴ്സറിയുടെ സമര്‍പ്പണവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. മാലിന്യ സംസ്കരണം, പ്രശ്നം എന്ന നിലയിൽനിന്ന് പരിഹാരത്തിലേയ്ക്ക് എത്തിയിരിക്കുന്നതായും അവർ പറഞ്ഞു. ബയോപാർക്കിന് മുന്‍വശത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ അനാഛാദനവും അവര്‍ നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയര്മാന് അനീഷ്മ ഷനോജ്, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ എ.എം. ഷെഫീര്‍, എ.എസ്. മനോജ്, ഷൈലജ ദേവന്, ക്ലീന്‍സിറ്റി മാനേജര്‍ അശോക് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി പ്രതിമ നിര്‍മിച്ച ശില്പി സ്വരാജിന് ഉപഹാരംനല്കി. കുടുംബശ്രീ സിറ്റി മിഷന് മാനേജര്‍ വി.എസ്. ദീപയ്ക്ക് യാത്രയയപ്പ് നല്കി.നഗര ഉപജീവന കേന്ദ്രം വഴി തൊഴില്ലഭിച്ചവരുടെ സംഗമവും ഉണ്ടായ
District News
പേരൂർക്കട: സൈക്കിൾ സവാരിക്കാർക്ക് വേണ്ടി പ്രത്യേകമായി നിർമിച്ചിരിക്കുന്ന ട്രാക്കിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും യാതൊരു തരത്തിലുള്ള തടസവും ഉണ്ടാക്കാൻ പാടില്ലെന്നുമുള്ള കളക്ടർ അനുകുമാരിയുടെ ഉത്തരവ് ഇനിയും പാലിക്കപ്പെട്ടില്ല. വഴുതക്കാട് സ്മാർട്ട് റോഡ് മുതൽ തൈക്കാട് വരെയാണ് സൈക്കിൾ യാത്രാക്കാർക്കായി പ്രത്യേക ട്രാക്ക് ഉള്ളത്. ദിവസങ്ങൾക്കു മുമ്പാണ് ജില്ലാ കളക്ടറുടെ നിർദേശമുണ്ടായത്.
വഴുതക്കാട് ശ്രീമൂലം ക്ലബ്ബിന് സമീപത്തുനിന്ന് നോക്കിയാൽ ഓരോ 100 മീറ്ററിനുള്ളിലും സൈക്കിൾ യാത്രികരുടെ സവാരി തടസപ്പെടുത്തിക്കൊണ്ട് ബോർഡുകൾ കാണാൻ സാധിക്കും. ചിലത് കടകളുടെ നോർപാർക്കിംഗ് ബോർഡുകൾ ആണെങ്കിൽ മറ്റു ചിലത് ട്രാഫിക് പോലീസിന്റെ ബാരിക്കേഡുകൾക്ക് സമാനമായ നോ പാർക്കിംഗ് ബോർഡുകളാണ്. വഴുതക്കാട് മുതൽ തൈക്കാട് വരെ പച്ചനിറത്തിലാണ് സൈക്കിൾ യാത്രക്കാർക്ക് വേണ്ടിയുള്ള ട്രാക്ക് റോഡിൻറെ ഇടതുവശത്തായി നിർമിച്ചിട്ടുള്ളത്.
District News
ചാവക്കാട്: ദേശീയപാത 66 ഒരുമനയൂർ മാങ്ങോട്ട് സ്കൂളിനുസമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് അപകടം. ഗുരുവായൂരിൽനിന്നു എറണാകുളത്തേക്കുപോകുന്ന ബസാണ് അപകടത്തിൽപെട്ടത്.
അമിതവേഗതയാണ് മുന്നിൽപോയിരുന്ന കാറിനു പിന്നിലിടിക്കാൻ കാരണമെന്ന് പറയുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു. പരിക്കേറ്റ മലപ്പുറം കോട്ടക്കൽ മുഹമ്മദ് മുസ്തഫ (49) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് റോഡരികിലെ കാനയ്ക്കു മുകളിലേക്ക് കയറിയതിനെ തുടർന്ന് സ്ലാബ് തകർന്നു ബസിന്റെ മുൻചക്രം കുടുങ്ങി . സർവീസ് റോഡിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാനയ്ക്ക് മുകളിലെ സ്ലാബുകൾ കമ്പികളില്ലാതെയാണ് വാർത്തിട്ടുള്ളത് നാട്ടുകാർ പറയുന്നു.
District News
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മുളയറ പ്രദേശത്ത് കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞു.അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ മുളയറ ഗാന്ധിജിനഗർ എസ്എസ് നിവാസിലുള്ള ശിവകുമാറിന്റെയും ശ്രീകലയുടെയും പുരയിടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടിഞ്ഞ് വീണ മണ്ണ് വട്ടത്തിങ്കര തോട്ടിലേക്കാണ് പതിച്ചത്. ഏകദേശം 200 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം
പുലർച്ചെ രണ്ടിനും നാലരയ്ക്കുമാണ് മണ്ണിടിഞ്ഞത്. നാലരയോടെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനായും ഒലിച്ചുപോയി. വീടിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു.
വീട്ടിൽ ഉള്ളവർ ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിഞ്ഞ് മാറിയത്. ശബ്ദം കേട്ടാണ് ഇവർ അറിയുന്നത്. ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് പുറത്തിറങ്ങിയത്. മണ്ണിടിച്ചിലിനെ തുടർന്ന് പുരയിടത്തിലെ തെങ്ങുകളും മറ്റു കൃഷികൾ ഉൾപ്പെടെ നശിച്ചു. സംഭവസ്ഥലം വാർഡ് മെമ്പർ സന്ദർശിച്ചു. വാർഡ് അംഗം വില്ലേജ് ഓഫീസറെയും തഹസിൽദാരെയും വിവരം അറിയിച്ചു.
.
District News
വടക്കാഞ്ചേരി: ഒരു വശത്ത് വനപാലകരുടെ ഓപ്പറേഷൻ ഗജ നടക്കുമ്പോൾ മറുവശത്ത് കാട്ടാനകളുടെ താണ്ഡവം. ആനയെപ്പേടിച്ച് ജോലിക്കുപോകാതെ തൊഴിലാളികൾ.
വടക്കാഞ്ചേരി നഗരസഭയിൽ മങ്കര ചേപ്പലക്കോട് പ്രദേശവാസികളാണ് കാട്ടാനകളെ പേടിച്ച് ജോലിക്കുപോകാതെ ദുരിതത്തിലായത്. ദിവസവും പുലർച്ചെ റബ്ബർ ടാപ്പിംഗിനുപോകുന്ന തൊഴിലാളികളാണ് കഷ്ടപ്പാട് അനുഭവിക്കുന്നത്. നടപ്പാതയുടെ ഇരുവശങ്ങളിലും ആനകൾ നിലയുറപ്പിക്കുന്നത് പ്രദേശത്ത് പതിവാവുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ ആനകളെ പടക്കംപൊട്ടിച്ചും ബഹളംവച്ചുമാണ് വനത്തിലേക്ക് കയറ്റിവിട്ടത്.
ചേപ്പലക്കോട് സ്വദേശി ഉപ്പഴക്കാട്ട് വീട്ടിൽ ജയന്റെ പറമ്പിലെ മൂന്ന് തെങ്ങുകൾ ആനകൾ നശിപ്പിച്ചു. മങ്കര അട്ടിപ്പറമ്പ് സ്വദേശി ചാത്തോത്ത് ബാബുവിന്റെ വീട്ടുപറമ്പിലും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.
നടപ്പാതകളിലെ കാടുകൾ വെട്ടിവൃത്തിയാക്കി വൈദ്യുതിവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ തള്ളിക്കളഞ്ഞതായി പ്രദേശവാസികൾ പറയുന്നു. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുമ്പോൾ ജനങ്ങളുടെ ജീവന് വിലയില്ലാത്ത നയമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപ്പിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിനെതിരേ ഇനിയും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് പൊതുപ്രവർത്തകൻ സാബു മങ്കര പറഞ്ഞു.
District News
വിഴിഞ്ഞം : തെന്നൂർകോണം ഞാറവിള - കരയടിവിള റോഡിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടിൽ നിന്നും കരകയറാനാകാതെ പ്രദേശവാസികൾ. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ റോഡിലെ വെള്ളക്കെട്ട് രൂക്ഷമാക്കി.
നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് പാകി നിർമിച്ച റോഡാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമായത്. ഇന്റർലോക്കിട്ട റോഡിൽ വെള്ളം കെട്ടാതിരിക്കാൻ രണ്ട് മഴക്കുഴികൾ സ്ഥാപിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്ത വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കുകയോ വെട്ടി പൊളിച്ച റോഡിലെ കുഴി അടയ്ക്കുകയോ ചെയ്തില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനട യാത്രയും ദുസഹമായി.ആയിരത്തോളം കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയും വെള്ളക്കെട്ടും കാരണം ദുരിതമനുഭവിക്കുന്നത്.
District News
പുതുക്കാട്: വളഞ്ഞുപാടത്തെ ക്രഷര്‍ യൂണിറ്റിനെതിരേ പരാതി നല്‍കിയയാളെ പ്രതിയാക്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. മാട്ടുമല സംരക്ഷണസമിതി പ്രസിഡന്റ് പി.എം. ഷിനോഷിന്റെ പേരില്‍ പുതുക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് റദ്ദാക്കിയത്. പോലീസ് നടപടിക്കെതിരേ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി, കളക്ടര്‍ എന്നിവര്‍ക്കു നല്കിയ പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഷിനോഷ് ഹൈക്കോടതിയെ സമീപിച്ചത്.
2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രഷര്‍ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഗ്രാമസഭയില്‍ ഫോട്ടോ എടുത്തുവെന്നും പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി എന്നുമുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി ഷിനോഷിന്റെ പേരില്‍ പോലീസ് സിആര്‍പിസി 107 വകുപ്പ് പ്രകാരം സമാധാനലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസ് ക്രഷര്‍ ഉടമയും പോലീസും ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ആക്ഷേപം പരിഗണിച്ച ഇരിങ്ങാലക്കുട സബ് ഡിവിഷന് മജിസ്ട്രേറ്റ് കോടതി അന്നത്തെ സ്റ്റേഷന് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസിനെ വിസ്തരിക്കുകയും 2023 ജൂലായില്‍ കേസ് റദ്ദാക്കുകയും ചെയ്തു. നാലുമാസങ്ങള്‍ക്കുശേഷം ക്രഷറിന്റെ ഫോട്ടോ എടുത്ത ഷിനോഷിനെ നാലുപേര്‍ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഷിനോഷിനെ പ്രതിയാക്കി പുതുക്കാട് പോലീസ് വീണ്ടും സമാധാന ലംഘനത്തിന് റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്നാണ് ഷിനോഷ് പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയേയും കളക്ടറേയും അവസാനം ഹൈക്കോടതിയേയും സമീപിച്ചത
District News
വിളപ്പിൽശാല : കനത്ത മഴയെ തുടർന്ന് വിളപ്പിൽശാല ആശുപത്രിയുടെ മതിൽ തകർന്ന് വീണു. രണ്ടു വീടുകളുടെ അടുക്കള ഉൾപ്പടെ തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. സുമതി, ഷാജി എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടിലുള്ളവർ ഉറങ്ങുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഉണർപ്പോഴാണ് ഇവരുടെ അടുക്കളയും തകർത്ത് മതിൽ ഇടിഞ്ഞു വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇവർ വീട് വിട്ടു പുറത്തിറങ്ങിയപ്പോൾ കുറെ ഭാഗം കൂടി ഇടിഞ്ഞു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു.
ആശുപത്രിയുടെ മതിൽ കുറെ കാലമായി തകർച്ചയുടെ വക്കിലായിരുന്നു. മഴ കനത്തോടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇവിടെ 20 കൂടുംബങ്ങളാണ് താമസിക്കുന്നത്. മതിലിന്റെ കുറച്ച് ഭാഗങ്ങൾ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്. ആശുപത്രി വളപ്പിൽ മഹാഗണി ഉൾപ്പടെയുള്ള വൻ മരങ്ങൾ വളർന്നു നിൽപ്പുണ്ട്. ഇവയുടെ വേരുകൾ മതിലിന്റെ അടിത്തറയിൽ എത്തിയപ്പോഴാണ് മതിലിന് ബലക്ഷയം വന്നതെന്ന് ആക്ഷേപമുണ്ട്.
സ്ഥലത്ത് ജനപ്രതിനിധികൾ അടക്കം എത്തി വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മരം മുറിച്ച് മാറ്റി മതിൽ കെട്ടാനുള്ള നടപടികൾ എടുക്കുമെന്നും അവർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
District News
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 14ല്‍ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ നഗരസഭ യോഗത്തില്‍ തീരുമാനം.
ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകര്‍ എല്ലാം അര്‍ഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ആവശ്യപ്പെട്ടു. ഫ്ലാറ്റില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വില്സന് വെളിപ്പെടുത്തി. വീടുകള്‍ വാടകയ്ക്ക് കൊടുത്തവരും ഉണ്ടെന്ന് പറയുന്നു.
ഫ്ലാറ്റിലെ വീട്ടുകാരെ സംബന്ധിച്ചുള്ള രജിസ്റ്റര്‍വച്ച് പരിശോധന നടത്താവുന്നതാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രത്യേക സബ്- കമ്മിറ്റിയെ വച്ചോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ അന്വേഷിക്കാവുന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സെക്രട്ടറി വിശദീകരിച്ചു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പരിഗണന നല്‍കാനും തുടര്‍നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.