തൃശൂർ: കൂർക്കഞ്ചേരി സോണൽ ഓഫീസിനോടു ചേർന്ന 50 സെന്റ് സ്ഥലത്ത് കോർപറേഷൻ നിർമിച്ച ആധുനിക മിനി ഫുട്ബോൾ ടർഫ് നഗരത്തിന്റ പുതിയ കായിക ഹൃദയമാകാൻ ഒരുങ്ങുന്നു. വർഷങ്ങളോളം വിവിധ ഡിവിഷനുകളുടെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ഈ സ്ഥലത്ത് ഇനി ആവേശത്തിന്റെ കാൽപ്പെരുമാറ്റം കേൾക്കാം.
75 ലക്ഷം രൂപ ചെലവിൽ 24 മീറ്റർ വീതിയിലും 36 മീറ്റർ നീളത്തിലും നിർമിച്ച ഈ ടർഫ് കോർപറേഷന്റെ മാതൃകാപദ്ധതികളിൽ ഒന്നാണ്. ടർഫിനോട് ചേർന്ന് ഇരുമ്പുമറയും നടപ്പാതയിൽ ടൈൽ വിരിക്കലും പൂർത്തീകരിച്ചിട്ടുണ്ട്.29ന് വൈകീട്ട് ആറിന് മേയർ എം.കെ. വർഗീസ് ടർഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മാലിന്യങ്ങൾ നീക്കി ശുചീകരിച്ച ശേഷം, പുതുതലമുറയെ ലഹരിയുടെ വഴികളിൽനിന്ന് അകറ്റി കായികരംഗത്തിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടർഫ് വികസിപ്പിച്ചതെന്ന് ഡിവിഷൻ കൗൺസിലർ വിനേഷ് തയ്യിൽ പറഞ്ഞു.
Tags : nattuvishesham local news