തിരുവില്വാമല: കുട്ടികളുടെ കർമശേഷിയെ നേരായ മാർഗത്തിലേക്ക് തിരിച്ചുവിട്ട് അവരെ രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്നും അതാണ് യഥാർഥ വിദ്യാഭ്യാസമെന്നും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി.
തിരുവില്വാമല പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജില്ലാപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നിർമിച്ച എരവത്തൊടി സ്മാർട്ട് അങ്കണവാടിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജു നാരായണസ്വാമി. പിഞ്ചുകുഞ്ഞുങ്ങളെല്ലാം ഊർജത്തിന്റെ ഉറവിടങ്ങളാണ്. ഒരു ശിശു, കുഴച്ച കളിമണ്ണ് പോലെയാണ്. ആ കുഞ്ഞിനെ ഏതുതരത്തിൽ രൂപാന്തരപ്പെടുത്തിയെടുക്കുന്നു എന്നത് ചെറുപ്പകാലത്ത് ലഭിക്കുന്ന വിദ്യാഭ്യാസമാണ്.
ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അങ്കണവാടികൾക്ക് നിർവഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്.നായർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Tags : nattuvishesham local news