പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ കല്ലുവേലി മേൽപാലത്തിന്റെ അടിപ്പാതയിലെ ചെളിയും വെള്ളവും ജെസിബി ഉപയോഗിച്ച് നീക്കുന്നു.
വെള്ളൂർ: പിറവം റോഡ് റെയിൽവേ മേൽപാലത്തിന്റെ അടിപ്പാതയിലെ വെള്ളവും ചെളിയും നീക്കി. വെള്ളൂർ കല്ലുവേലി റെയിൽവേ അടിപ്പാതയിൽ വെള്ളവും ചെളിയും നിറഞ്ഞതിനെത്തുടർന്ന് ഗതാഗതം ദുഷ്കരമായ വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളൂർ കല്ലുവേലിൽ റെയിൽവേഗേറ്റ് മാറ്റി പകരം റെയിൽപാതയ്ക്ക് അടിയിലുടെ വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കടന്നുപോകുന്നതിനാണ് അടിപ്പാത തീർത്തത്. ചെളിയും വെള്ളവും നിറഞ്ഞതോടെ കാൽനടയാത്ര ദുഷ്കരമായി.
അവർമ സ്വദേശിയായ ബൈക്ക് യാത്രികന് അടിപ്പാതയിൽ വീണ് പരിക്കേറ്റിരുന്നു.വെള്ളൂർ-വെട്ടിക്കാട്ട്മുക്ക് റോഡിലൂടെ കെപിപിഎൽ, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് പോകുന്നത് അടിപ്പാതവഴിയാണ്. വെള്ളൂരിൽ ആരംഭിക്കുന്ന പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ലോറിയിൽ കൊണ്ടുപോകുന്ന മണ്ണ് താഴെ വീണ് വെള്ളക്കെട്ടിൽ ചേർന്ന് ചെളിയായി റെയിൽവേ വെള്ളം പമ്പുചെയ്തു കളയുന്നതിനു നിർമിച്ച കിണറ്റിൽ നിറഞ്ഞ് പമ്പിംഗ് തകരാറിലായതാണ് ഗതാഗതതടസത്തിന് ഇടയാക്കിയത്.
ചെളിയും വെള്ളവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ആർ. ഷാജി, പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധമടക്കമുള്ള സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചെളിയും വെള്ളവും നീക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്.
Tags : local news nattuvishesham