ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 14ല്‍ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ നഗരസഭ യോഗത്തില്‍ തീരുമാനം.
ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകര്‍ എല്ലാം അര്‍ഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ആവശ്യപ്പെട്ടു. ഫ്ലാറ്റില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വില്സന് വെളിപ്പെടുത്തി. വീടുകള്‍ വാടകയ്ക്ക് കൊടുത്തവരും ഉണ്ടെന്ന് പറയുന്നു.
ഫ്ലാറ്റിലെ വീട്ടുകാരെ സംബന്ധിച്ചുള്ള രജിസ്റ്റര്‍വച്ച് പരിശോധന നടത്താവുന്നതാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രത്യേക സബ്- കമ്മിറ്റിയെ വച്ചോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ അന്വേഷിക്കാവുന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സെക്രട്ടറി വിശദീകരിച്ചു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പരിഗണന നല്‍കാനും തുടര്‍നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
Tags : nattuvishesham local news