തൃശൂർ: നഗരനിവാസികളിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ളനിരക്ക് കൂട്ടാൻ സിപിഎം ഭരണസമിതി വളഞ്ഞ വഴി സ്വീകരിക്കുന്നതായി പ്രതിപക്ഷ ആരോപണം. നിരക്കുവർധനയെ എതിർത്ത പ്രതിപക്ഷ കൗണ്‍സിലർമാരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും നിലപാട് മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. മേയറുടെ നിർദേശപ്രകാരമാണു കോർപറേഷൻ സെക്രട്ടറി പ്രതിപക്ഷ കൗണ്‍സിലർമാർക്ക് ഭീഷണിസർക്കുലർ അയച്ചതെന്നും നിയമവിരുദ്ധമായ നടപടിയിലൂടെ പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് കുടിവെള്ളനിരക്ക് കൂട്ടണമെന്ന് ഭരണസമിതി നിലപാടെടുത്തിരിക്കുന്നത്. എന്നാൽ, കൗണ്‍സിൽ നിരക്ക് കൂട്ടേണ്ടതില്ലെന്നു തീരുമാനമെടുത്താൽ ഓഡിറ്റ് പരാമർശം അസാധുവാകും. ഇതിന്റെ മറവിൽ ജനങ്ങൾക്കെതിരേ അധിക നിരക്ക് അടിച്ചേൽപ്പിക്കാനാണ് സിപിഎം ഭരണസമിതിയുടെ ശ്രമമെന്നും യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയേൽ പറഞ്ഞു.
ജനങ്ങളുടെ തലയിൽ അധിക കുടിവെള്ളനിരക്ക് അടിച്ചേൽപ്പിക്കാൻ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും നിയമപരമായ ബാധ്യത ഇല്ലാതെയാണ് സിപിഎം ഭരണസമിതി ജനവിരുദ്ധതീരുമാനവുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : nattuvishesham local news