കണ്ണൂർ: ഇന്നു മുതൽ മുംബൈയിൽ ആരംഭിക്കുന്ന ബിസിസിഐ അണ്ടർ 19 വുമൺസ് T 20 ട്രോഫിയിൽ കണ്ണൂർ ജില്ലക്കാരായ രണ്ടുപേർ കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ തയ്യിൽ സ്വദേശിനി സി.വി. അനുഷ്ക, തലശേരി മൂഴിക്കര സ്വദേശിനി വി.എൻ. നിവേദ്യമോൾ എന്നിവരാണ് കേരള ടീമിലിടം നേടിയത്.
വലംകൈയൻ ഓഫ് സ്പിന്നറും വലംകൈയൻ മിഡിൽ ഓർഡർ ബാറ്ററുമായ സി.വി.അനുഷ്ക്ക അണ്ടർ 19, അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി.ഷൈൻ ബാബു-പി.ബിന്ദു ദന്പതികളുടെ മകളാണ്. കണ്ണൂർ തളാപ്പ് എസ്എൻ വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിദ്യാർഥിനിയാണ്.
വലംകൈയൻ മീഡിയം പേസ് ബൗളറും വലംകൈയന്‍ ബാറ്ററുമായ വി.എൻ.നിവേദ്യമോൾ മുൻ വർഷങ്ങളിൽ അണ്ടർ 15, അണ്ടർ 19 കേരള ടീമിലും, 2024 ഏപ്രിൽ, മേയ് മാസങ്ങളിൽ നാഗ്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാഡമിയുടെ 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശേരി മൂഴിക്കര ചന്ദ്രോത്ത് മീത്തൽ എംസിസി റോഡിൽ ദേവ് നിവേദ്യയിൽ പരേതനായ കെ.ടി നിജേഷ് ബാബു-കെ.എം ബിന്ദുദന്പതികളുടെ മകളാണ്.
പൊന്നാനി എം ഇ എസ് കോളജിൽ ഒന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ വിദ്യാർഥിനിയാണ്.എലൈറ്റ് ഗ്രൂപ്പ് സി യിൽ ഇന്ന് ന് ഹൈദരാബാദുമായാണ് കേരളത്തിന്റെ ആദ്യമത്സരം. നാളെ ഛത്തീസ്ഗഡിനെ നേരിടും. 29 ന് മഹാരാഷ്ട്രയുമായും 31 ന് ഗോവയുമായും നവംബർ രണ്ടിന് ഡൽഹിയുമായും കേരളം മത്സരിക്കും. വി.സി. ഷീതൾ ആണ് കേരള ക്യാപ്റ്റൻ.
Tags : nattuvishesham local news