തളിപ്പറമ്പ: ഭർത്താവിനെ ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും പിഴയും. വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ ( കുഞ്ഞുമോൻ ) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയെ(62)യാണ് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തളിപ്പറമ്പ അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് തടവുശിക്ഷയിൽ ഇളവ് ചെയ്യും.
പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായ ചാക്കോച്ചൻ 2013 ജൂലൈ അഞ്ചിന് രാത്രിയാണ് കൊല്ല പ്പെടുന്നത്. ആറിന് പുലർച്ചെയോടെ റോഡിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. പെരിങ്ങോം പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
ചാക്കോച്ചന്റെ പേരിൽ അമ്മയെഴുതി നൽകിയിരുന്ന മൂന്ന് ഏക്കർ റബർ തോട്ടം തന്റെ പേരിൽ എഴുതി നല്കണമെന്നു പറഞ്ഞ് റോസമ്മ ചാക്കോച്ചനുമായി തർക്കം ഉണ്ടായി. വഴക്കിനിടെ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ചാക്കോച്ചനെ റോസമ്മ അടിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 മീറ്ററോളം വലിച്ചിഴച്ച് റോഡിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. പിന്നീട് വീട്ടിലെ തറയിലും ചുമരിലുമുണ്ടായിരുന്ന രക്തക്കറ കഴുകിക്കളഞ്ഞ റോസമ്മ ആയുധം ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു.
24 സാക്ഷികളിൽ 16 പേരെയാണ് കോടതി വിസ്തരിച്ചത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ അഡീ. സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മാർട്ടിൻ ജോർജ് പ്രതി സ്ത്രീയാണെന്നും രോഗിയാ ണെന്നും കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കി പ്രതിയായ റോസമ്മയ്ക്ക് വധശിക്ഷ തന്നെ നല്കണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ യു. രമേശൻ വാദിച്ചു.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്ജ് കെ.എൻ. പ്രശാന്ത് ചൂണ്ടിക്കാട്ടി. മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭർത്താവിനെ ആക്രമിച്ചത്. തല ചിതറിക്കിടന്ന ഭർത്താവിനെ അവർ 30 മീറ്ററോളം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു. ശേഷം തെളിവ് നശിപ്പിക്കാൻ അടിച്ചുവാരി വൃത്തിയാക്കുകയും സുഗന്ധ വസ്തുക്കൾ വീട്ടിൽ ഉപയോഗിക്കുകയും ചെയ്ത റോസമ്മ ഒന്നും സംഭവിക്കാത്ത പോലെ നിൽക്കുകയായിരുന്നു.
വയസുകാലത്ത് പരസ്പരം താങ്ങും തണലുമായി നില്ക്കേണ്ടതായിരുന്നു ഇരുവരും. അങ്ങനെയുള്ള 60 കാരനായ ഭർത്താവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
റോസമ്മയുടെ ശാരീരിക-മാനസിക അവശതകളോ മക്കൾക്ക് മറ്റാരുമില്ലെന്ന വാദമോ നിലനിൽക്കില്ലെന്നും ജഡ്ജ് കെ.എൻ. പ്രശാന്ത് പറഞ്ഞു.
തളിപ്പറമ്പിൽ അഡീഷണൽ സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കൊലക്കേസ് വിധിയാണിത്. പ്രോസിക്യൂഷന് വേണ്ടി വിവിധ സമയങ്ങളിൽ അഡ്വ. ഷെറിമോൾ ജോസ്, അഡ്വ. മധു എന്നിവരും ഹാജരായിരുന്നു.
Tags : nattuvishesham local news