കണ്ണൂര്‍: സമൂഹ മാധ്യമത്തിലൂടെ സ്ഥാപനത്തിനെതിരെയും ദൂബായിലെ സ്ഥാപന മേധാവിക്കെതിരെയും ഭീഷണി മുഴക്കിയെന്ന പരാതിയിൽ തളിപ്പറന്പ് സ്വദേശി അറസ്റ്റിൽ.
തളിപ്പറന്പ് നാട്ടുവയൽ സ്വദേശി മുബഷിർ കുഞ്ഞിയെ ആണ് കണ്ണൂർ ടൗൺ പോലീസ് എറണാകുളത്ത് അറസ്റ്റ് ചെയ്തത്.
ദുബായിയിലെ പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിക്കെതിരെയും യുഎഇ, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യാബ് ലീഗൽ സർവീസിനെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്ത് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തെന്ന പരാതിയെ തുടർന്നാണ് നടപടി.
നേരത്തെ സലാം പാപ്പിനിശേരി നൽകിയ പരാതിയിൽ പ്രതിയോട് ഹാജരാകാൻ പോലീസ് പലതവണ നിർദേശിച്ചെങ്കിലും ഹാജരായില്ല. ഇതേ തുടർന്നാണ് കണ്ണൂർ പോലീസ് എറണാകുളത്ത് ചെന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് സലാം പാപ്പിനിശേരിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും തൊട്ടടുത്ത ദിവസം ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോക്ക് താഴെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കമന്റുകൾ പോസ്റ്റ് ചെയ്തതായും ചൂണ്ടിക്കാട്ടിയാണ് സലാം പാപ്പിനിശേരി പോലീസിൽ പരാതി നൽകിയത്.
Tags : nattuvishesham local news