പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ ഒരുമണിക്കൂറിനിടെ നാല് അപകടങ്ങള്‍.
ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പുതുക്കാട് കാഞ്ഞൂര്‍ സ്വദേശി മൂര്‍ക്കനാട്ടുകാരന്‍ വീട്ടില്‍ തോമസിനാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ തോമസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കാഞ്ഞൂര്‍ റോഡില്‍നിന്ന് ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറില്‍ ചാലക്കുടി ഭാഗത്തുനിന്നുവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സ്കൂട്ടറില്നിന്നുവീണ തോമസിന്റെ കാലില്‍ ലോറിയുടെ മുന്‍ചക്രം കയറി. നാട്ടുകാര്‍ചേര്‍ന്നാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഒരുമണിക്കൂറിനിടെ മൂന്ന് അപകടങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. സ്വകാര്യ ബസും ബൈക്കും, കെഎസ്ആര്‍ടിസി ബസും ബൈക്കും, രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനിടെയാണ് നാല് അപകടങ്ങളും സംഭവിച്ചത്. ആമ്പല്ലൂര്‍ മുതല്‍ പുതുക്കാട് സെന്റര്‍ കടന്നും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇതിനിടെ സിഗ്നല്‍ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ കടക്കാന്‍ ശ്രമിച്ചതാണ് അപകടങ്ങള്‍ക്കിടയാക്കിയത്.
Tags : nattuvishesham local news