x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മ​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞ സിഐ​ഡി ഭാ​യി​യെ നി​ര​ത്തി​ലെ​ത്തി​ച്ച് കെ.​സി. സാ​ബു​


Published: October 26, 2025 07:30 AM IST | Updated: October 26, 2025 07:30 AM IST

തല​യോ​ല​പ്പ​റ​മ്പ്:​ മ​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും സി​ഐഡി ​ഭാ​യി​യെ​ന്നു വി​ളി​പ്പേ​രു​ള്ള പ​ഞ്ചാ​ബി​യാ​യ ബാ​ൽ​കി​ഷ​ൻ​സിം​ഗി​നെ മറക്കാ​ൻ ത​ല​യോ​ല​പ്പ​റ​മ്പു​കാ​ർ​ക്കാ​കു​ന്നി​ല്ല. വേ​ഷ​പ്ര​ച്ഛ​ന്ന​ത​യി​ലൂ​ടെ ത​ല​യോ​ല​പ്പ​റ​മ്പി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​പ​രി​ചി​ത​നാ​യ പാ​ലാം​ക​ട​വ് മു​ണ്ട​മ്പ​ള്ളി കെ.​സി.​സാ​ബു​വെ​ന്ന ക​ലാ​കാ​ര​നി​ലൂ​ടെ സി​ഐ​ഡി ഭാ​യി വീ​ണ്ടും നി​ര​ത്തി​ൽ നി​റ​യു​ന്നു.​ നാ​ലു പ​തി​റ്റാ​ണ്ടു​ മു​മ്പ് ത​ല​യോ​ല​പ്പ​റ​മ്പി​ലെ​ത്തി​യ ഭാ​യി​യെ ഭ​ക്ഷ​ണവും കി​ട​ക്കാ​ൻ ഇ​ടവും കൊ​ടു​ത്തും വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യ​ചി​ത്ര​ത്തി​ലെ മു​ഖ​ശ്രീ​യാ​യും ത​ല​യോ​ല​പ്പ​റ​മ്പ് ബാ​ൽ​കി​ഷ​ൻ​സിം​ഗി​നെ നെ​ഞ്ചേറ്റി. ​

ജ​ന​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സി​ഐ​ഡി ഭാ​യി​യു​ടെ വേ​ഷ​പ്പക​ർ​ച്ച​യി​ൽ കെ.​സി.​സാ​ബു തെ​രു​വോ​ര​ത്തും ക​ട​ക​ളിലും ക​ട​ന്നുവ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ വി​സ്മ​യ​ഭ​രി​ത​രാ​യി. ഭാ​യി​യു​ടെ ചൂ​ടും ചൂ​രു​മ​റി​ഞ്ഞ തെ​രു​വു​നാ​യ ഭാ​യി​യ​ല്ലെ​ന്ന് മ​ണ​ത്ത​റി​ഞ്ഞ് സാ​ബു​വി​ന്‍റെ നേ​ർ​ക്ക് കു​ര​ച്ചു​ചാ​ടി​യ​തും ജ​ന​ങ്ങ​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

നാ​ലു​ പ​തി​റ്റാ​ണ്ട് കൈ​യി​ൽ വ​ടി​യേ​ന്തി​ തെ​രു​വി​ലല​ഞ്ഞ ത​ല​യോ​ല​പ്പ​റ​മ്പു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഭാ​യി ക​ഴി​ഞ്ഞ ജൂ​ലൈ 20നാ​ണ് മ​രിച്ചത്. അ​നാ​ഥ​നാ​യി ത​ല​യോ​ല​പ്പ​റ​മ്പി​ലെ​ത്തി​യ സി​ഐ​ഡി ഭാ​യി​ക്ക് ത​ല​യോ​ല​പ്പ​റ​മ്പ് നി​വാ​സി​ക​ൾ പൊ​തു​ദ​ർ​ശ​ന​ത്തോ​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യേകി.
മ​ണ​ക്കുന്നം എ​സ്എ​ൻ​ഡി​പി​യു​ടെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക ഘോ​ഷ​യാ​ത്ര​യി​ലാ​ണ് കെ.​സി.​സാ​ബു സി​ഐ​ഡി ഭാ​യി​യാ​യി വേ​ഷ​മി​ട്ട​ത്. പി​ന്നീ​ട് പ​ലത​വ​ണ ത​ല​യോ​ല​പ്പ​റ​മ്പ് ടൗ​ണി​ൽ ഭാ​യി​യാ​യി എ​ത്തി ജ​ന​ശ്ര​ദ്ധയാ​ക​ർ​ഷി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പി​ൽ ട​യ​ർ പ​ഞ്ച​ർ ക​ട​യി​ലെ ജോ​ലി​യോ​ടൊ​പ്പം നി​ര​വ​ധി അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സാ​ബു ഘോ​ഷ​യാ​ത്ര​ക​ളി​ൽ സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ്ര​ച്ഛ​ന്ന വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് ശ്ര​ദ്ധ നേ​ടി​യ​ത് .

ത​ല​യോ​ല​പ്പ​റ​മ്പിലെ തെ​രു​വു​ക​ളി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന വ​ട​യാ​ർ ഗോ​പി, രാ​ഷ്‌ട്രീയ​രം​ഗ​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച സ​രി​ത ​നാ​യ​ർ തു​ട​ങ്ങിയ വേ​ഷ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ നേ​ടി. ഭാ​ര്യ​ മി​നി​യും മ​ക​ൻ സ​ച്ചി​ൻ​ സാ​ബു​വും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു.

Tags : K.C. Sabu local news nattuvishesham

Recent News

Up