നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കാസര്‍ഗോഡ് ഉപജില്ലയും സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ഓവറോള്‍ ചാമ്പ്യന്മാരായി. 1545 പോയിന്റാണ് കാസര്‍ഗോഡ് ഉപജില്ല നേടിയത്. 1415 പോയിന്റോടെ ഹൊസ്ദുര്‍ഗ് രണ്ടാംസ്ഥാനവും 1345 പോയിന്റോടെ ബേക്കല്‍ മൂന്നാംസ്ഥാനവും നേടി.
ചെറുവത്തൂര്‍ (1264), ചിറ്റാരിക്കാല്‍ (1222), കുമ്പള (1175), മഞ്ചേശ്വരം (909) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
441 പോയിന്റാണ് ദുര്‍ഗ സ്കൂളിന്റെ സമ്പാദ്യം. 317 പോയിന്റുമായി പാക്കം ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും 281 പോയിന്റുമായി ചെമ്മനാട് സിജെഎച്ച്എസ്എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ് (279), കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് (271) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.
ശാസ്ത്രമേളയില്‍ പാക്കം ജിഎച്ച്എസ്എസും ഗണിതശാസ്ത്രമേളയില് മഞ്ചേശ്വരം എസ്എടിഎച്ച്എസും സാമൂഹ്യശാസ്ത്രമേളയില് എടനീര്‍ സ്വാമിജീസ് എച്ച്എസ്എസും പ്രവൃത്തിപരിചയമേളയില്‍ ദുര്‍ഗ എച്ച്എസ്എസും ഐടി മേളയില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസും ഓവറോള്‍ ചാമ്പ്യന്മാരായി.
ബങ്കളം കക്കാട്ട് ജിഎച്ച്എസ്എസില്‍ നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം. അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പൽ രഘുറാംഭട്ട്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ റോഹിന്‍രാജ്, ഹൊസ്ദുര്‍ഗ് എഇഒ എം. സുരേന്ദ്രന്, മുഖ്യാധ്യാപകന്‍ കെ.എം. ഈശ്വരന്, പിടിഎ പ്രസിഡന്റ് പി.വി. രാമകൃഷ്ണന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. രാജേഷ്, എസ്എംസി ചെയര്മാന് ടി.വി. ലതീഷ്, മദര്‍ പിടിഎ പ്രസിഡന്റ് സി.വി. ശാന്തിനി, എച്ച്എം ഫോറം കണ്‍വീനര്‍ എം.എ. അബ്ദുള്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മനംകവര്‍ന്ന് റോമിയോ
നീലേശ്വരം: ബൈക്ക് വാങ്ങിത്തരാന്‍ മാതാപിതാക്കളോട് വാശിപിടിക്കുന്ന പ്രായത്തില്‍ കമ്പല്ലൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി റോമിയോ ജോര്‍ജ് സ്വന്തമായി ഒരു ബൈക്ക് തന്നെ നിര്‍മിച്ചു.
സ്വന്തമായി നിര്‍മിച്ച ബൈക്കുമായെത്തിയ റോമിയോ തന്നെയായിരുന്നു ശാസ്ത്രോത്സവവേദിയിലെ താരം. ആക്രിസാധനങ്ങള്‍ ഉപയോഗിച്ചാണ് 10,000 രൂപ ചെലവിലാണ് രണ്ടാഴ്ച കൊണ്ട് ബൈക്ക് നിര്‍മിച്ചത്. ഇതിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വെല്‍ഡിംഗ് ജോലികള്‍ മുഴുവനും ചെയ്തത് റോമിയോയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി വാഹനം നിര്‍മിക്കാന്‍ താത്പര്യം തോന്നിയത്. ഇതിനായി മെഷീന് വാടകയ്ക്കെടുത്ത് സ്വന്തമായി വെല്‍ഡിംഗും പഠിച്ചെടുത്തു. കുറേക്കൂടി പണം ചെലവഴിക്കാനുണ്ടായിരുന്നെങ്കില് ഇതിലും മെച്ചപ്പെട്ട ബൈക്ക് ഉണ്ടാക്കാന്‍ കഴിയുമായിരുന്നൂവെന്ന് റോമിയോ പറയുന്നു. പാടിയോട്ടുചാല്‍ കരിപ്പോട് പരേതനായ ചെന്നിക്കര സിബി വര്‍ഗീസ്- ഷൈജി ദന്പതികളുടെ മകനാണ്.
പാവക്കൂട്ട് വിടാതെ അഭിഷ
നീലേശ്വരം: പത്താംക്ലാസിലാണ് പഠിക്കുന്നതെങ്കിലും പാവകളെ വിട്ടൊരു പരിപാടിക്ക് പി.എസ്.അഭിഷയെ കിട്ടില്ല.എന്നാല്‍ കളിപ്പാട്ടമല്ല, വരുമാനമാര്‍ഗമാണ് അഭിഷയെ സംബന്ധിച്ചിടത്തോളം പാവകള്‍. ഹൈസ്കൂള്‍ സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് വിദ്യാര്‍ഥിനി പാവകള്‍ സ്വന്തമായുണ്ടാക്കി കട വഴി വില്പന നടത്തുന്നുണ്ട്. വലുപ്പമനുസരിച്ച് ഓരോ പാവകള്‍ക്കും 350 മുതല്‍ 450 രൂപ വരെ ലഭിക്കും. പെരിയങ്ങാനത്തെ ഇലക്ട്രീഷ്യന് സുനില്‍കുമാറിന്റെയും ബാങ്ക് കളക്ഷന്‍ ഏജന്റായ രജിതയുടെയും മകളാണ്.
കുട്ടി ഇലക്ട്രീഷ്യൻ
നീലേശ്വരം: ഇലക്ട്രീഷ്യനായ അച്ഛന്റെ കഴിവ് പാരമ്പര്യമായി ലഭിച്ച അമല്‍ റോയ്ക്ക് ഇലക്ട്രിക്കല്‍ വയറിംഗ് ഒരു മത്സരയിനമായിരുന്നില്ല, മറിച്ച് ഈ മേഖലയിലെ തന്റെ മികവ് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനുള്ള വേദി മാത്രമായിരുന്നു.
ഇന്‍വര്‍ട്ടര്‍, ടൈമര്‍, മീറ്റര്‍, പവര്‍പ്ലഗ് എന്നിവ സെറ്റ് ചെയ്ത അമലിന്റെ മികവ് ഏവരെയും അദ്ഭുതപ്പെടുത്തി. ഈയിനത്തില്‍ ഒന്നാംസ്ഥാനവും മറ്റാര്‍ക്കും ആയിരുന്നില്ല.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമല്‍ മാവുള്ളാല്‍ അട്ടക്കാട് പൊട്ടംപ്ലാക്കല്‍ റോയ് സ്കറിയയുടെയും ബിന്ദുവിന്റെയും മകനാണ്.
Tags : nattuvishesham local news