കണ്ണൂർ: സ്റ്റേഡിയത്തിന് പിറക്വശത്ത് ഫ്രീഡം പാർക്ക്, ബാങ്ക് റോഡിലും കോർപറേഷൻ നിർമിച്ച മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഉടൻ പ്രവർത്തിപ്പിച്ചു തുടങ്ങും. പദ്ധതി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് ക്രമീകരണ സംവിധാനങ്ങളായി. മറ്റ് നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി സ്വീകരിച്ച ശേഷം ഏറ്റവും ഫലപ്രദമായ രീതിയിലായിരിക്കും സംവിധാനം നടപ്പാക്കുക.
സംവിധാനം നടപ്പാക്കുന്നതിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം സ്റ്റേഡിയത്തിന് പിറകിലെ പാർക്കിംഗ് സംവിധാനത്തിലേക്കുള്ള പ്രവേശനം റെയിൽവേയുടെ കിഴക്കെ കവാടത്തിന് എതിരായുള്ള ഭാഗത്തു കൂടിയായിരിക്കും. പുറത്തേക്ക് പോകേണ്ടത് ഫ്രീഡം മൂവ്മെന്റ് പാർക്കിന്റെ വലത് വശത്തുകൂടിയാണ്. ഇവിടെ ആറു നിലകളിലായി 124 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്.
ബാങ്ക് റോഡിൽ ട്രാൻസ്ഫോർമറിനു സമീപത്തു കൂടി കയറുകയും അതേ വശത്ത് മുന്നോട്ട് ക്രമീകരിച്ച വഴിയിലൂടെ പുറത്തേക്കിറങ്ങുകയും വേണം.ആറ് നിലകളിലായി 31 കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സ്ലോട്ടുകളിൽ ഡ്രൈവർമാരെ മാത്രമേ കടത്തി വിടുകയുള്ളു.
രണ്ടിടങ്ങളിലും ഫയർ സേഫ്റ്റി ഉൾപ്പെടയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് പരിസരവും കാർ പാർക്കിംഗ് സിസ്റ്റവും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. വൈദ്യുതി തടസപ്പെടുന്ന മുറയ്ക്ക് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാനാവശ്യമായ ഡീസൽ എൻജിൻ, ഡീസൽ ജനറേറ്റർ ക്രമീകരണങ്ങളും സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
സ്ലോട്ടിലേക്ക് കയറുന്നതിന് മുന്പ് വിൻഡോ ഗ്ലാസുകൾ ഉയർത്തിയിരിക്കണം. സ്ലോട്ടിൽ ഹാൻഡ് ബ്രേക്ക് നിർബന്ധമായും ഇട്ടിരിക്കണം. പാർക്കിംഗ് ഏരിയയിൽ പത്തുകിലോമീറ്ററാണ് പരമാവധി വേഗത അനുവദിച്ചിരിക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ആദ്യ രണ്ടു മണിക്കൂറുകളിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപ നിരക്കിൽ എട്ടു മണിക്കൂർ സമയം വരെ പാർക്ക് ചെയ്യാം. 24 മണിക്കുറിന് 150 രൂപയും 30 ദിവസത്തേക്ക് 3500 രൂപയുമാണ് കരട് നിർദേശത്തിൽ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Tags : nattuvishesham local news