കേളകം: എല്ലാ വാർഡുകളിലും കളിക്കളങ്ങൾ ഒരുക്കി കേളകം പഞ്ചായത്ത് സന്പൂർണ കളിക്കള പഞ്ചായത്തായി മാറി. സന്പൂർണ കളിക്കള പഞ്ചായത്ത് പ്രഖ്യാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
ഈ നേട്ടത്തിലൂടെ സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് കേളകം മാതൃകയായി മാറിയിരിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു.
"പ്ലേ ഫോർ ഹെൽത്തി കേളകം"എന്ന പദ്ധതിയിൽ സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കളിസ്ഥലങ്ങൾ, പുറമ്പോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്തിലെ 13 വാർഡുകളിലും പഞ്ചായത്ത് വലുതം ചെറുതുമായ കളിക്കളങ്ങൾ ഒരുക്കിയത്.
അത്ലറ്റിക്സ്, ഫുട്ബോൾ, വോളി, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ജില്ലാപഞ്ചായത്തംഗം വി. ഗീത, പഞ്ചായത്തംഗം സജീവൻ പാലുമി, പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, സ്വതന്ത്ര കായിക ഗവേഷകൻ പ്രസാദ് വി ഹരിദാസൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളായ കെ.സി ജോർജ്, ജോൺ പടിഞ്ഞാലി, എം.വി. മാത്യു, കെ.ജി. വിജയ പ്രസാദ്, കെ.എം. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
Tags : nattuvishesham local news