ചങ്ങനാശേരി: പറാല്‍ നിവാസികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്ക് വെള്ളം എന്നു കിട്ടും. വാഴപ്പള്ളി പഞ്ചായത്ത് 20, 21 വാര്‍ഡുകളില്‍പ്പെട്ട പറാല്‍ സെന്റ് ആന്റണീസ് പള്ളി, ഇടക്കേരി, പാരിപ്പള്ളം, വിവേകാനന്ദ എല്‍പി സ്കൂള്‍ ഭാഗങ്ങളിലെ നൂറോളം വീടുകള്‍ക്കാണ് ശുദ്ധജലം മുടങ്ങിയിരിക്കുന്നത്. ശുദ്ധജലം മുടങ്ങിയിട്ട് മൂന്നാഴ്ചക്കാലം പിന്നിടുകയാണ്.
പൈപ്പുജലം മുടങ്ങിയതോടെ നാട്ടുകാര്‍ കിണറുകളെയും മഴവെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. പല കിണറുകളിലെയും വെള്ളം ഉപയോഗപ്രദമല്ലെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചെറുകരക്കുന്ന് ടാങ്കില്‍നിന്നുള്ള വെള്ളം വണ്ടിപ്പേട്ടയില്‍ എത്തിച്ചാണ് പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നത്.
വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പമ്പിംഗ് തകരാറാണ് ശുദ്ധജലവിതരണ തടസത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വീട്ടമ്മമാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടത്തില്‍
പറാലില്‍ പൈപ്പ് വെള്ളം മുടങ്ങിയതുമൂലം വീട്ടമ്മമാര്‍ക്ക് അതിദുരിതമാണ്. ദിവസങ്ങള്‍ക്കുമുമ്പ് ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. കിണറുകളിലെ വെള്ളം ഉപയോഗപ്രദമല്ല. വളരെ ദൂരത്തുപോയാണ് വീട്ടുപയോഗത്തിനായി വെള്ളം ശേഖരിക്കുന്നത്.
ആലീസ് ആന്റണി
പുത്തന്‍പുരയ്ക്കല്‍, വീട്ടമ്മ
പറാല്‍ നിവാസികള്‍ ദുരിതത്തില്‍
മൂന്നാഴ്ചക്കാലമായി ശുദ്ധജലം മുടങ്ങിയതോടെ പറാല്‍ നിവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ചെറുകരക്കുന്ന് ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ജയ്സണ്‍ ടി. തൈപ്പറമ്പില്‍
കേരള കോണ്‍ഗ്രസ്
നിയോജകമണ്ഡലം എക്സിക്യൂട്ടീവംഗം
ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നു : 14 ദശലക്ഷം ലിറ്റര്‍ വേണ്ടിടത്ത്
കിട്ടുന്നത് വെറും എട്ടു ദശലക്ഷം
ചങ്ങനാശേരി: 14 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വേണ്ടിടത്ത് കിട്ടുന്നത് വെറും എട്ടുമുതല്‍ പത്തു ദശലക്ഷം വരെ മാത്രം. ചങ്ങനാശേരിയിലേക്കുള്ള വെള്ളം വെട്ടിമാറ്റുന്നതാരെന്ന ചോദ്യമുയരുന്നു. കഴിഞ്ഞ അഞ്ചുമാസക്കാലമായാണ് കറ്റോട്, കല്ലിശേരി പദ്ധതികളില്‍നിന്നു ചങ്ങനാശേരിയിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നത്.
ഇതിനുമുമ്പ് ചങ്ങനാശേരിയിലേക്ക് 12 ദശലക്ഷം ലിറ്റര്‍വരെ വെള്ളം ലഭിച്ചിരുന്നതായാണ് കണക്ക്.
ഇത് മാസംതോറും കുറഞ്ഞാണ് എട്ടു ദശലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുന്നത്. കറ്റോട്, കല്ലിശേരി പദ്ധതികളില്‍ നിന്നുള്ള വെള്ളം ചങ്ങനാശേരി ചെറുകരക്കുന്നിലുള്ള രണ്ടു ജലസംഭരണികളിലെത്തിച്ച് ചങ്ങനാശേരി നഗരസഭയ്ക്കും പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പുതിയ കണക്ഷന് അടക്കം മുപ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഈ പരിധിയിലുള്ളത്.
എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് പറാല്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ദൗര്‍ലഭ്യം വര്‍ധിച്ചത്.
Tags : Local News nattuvishesham Kottayam