കാഞ്ഞങ്ങാട്: ഏതെങ്കിലും റോഡിന്റെ നവീകരണം തുടങ്ങുന്നുവെന്ന് കേട്ടാൽ ഇപ്പോൾ നാട്ടുകാർക്ക് ചങ്കിടിപ്പാണ്. ഒന്നോ രണ്ടോ മാസത്തേക്കാണെന്നുപറഞ്ഞ് റോഡ് അടച്ച് പണി തുടങ്ങിയാലും അത് തീരാൻ ചിലപ്പോൾ ഒരു വർഷത്തിലേറെയെടുക്കുമെന്നാണ് പലയിടങ്ങളിലെയും അനുഭവം. കാഞ്ഞങ്ങാട് നഗരസഭയിൽ തന്നെ ശ്രീകൃഷ്ണമന്ദിർ റോഡും അരയിപ്പാലം-ഗുരുവനം റോഡുമൊക്കെ അലങ്കോലമായി കിടക്കുന്നത് അങ്ങനെയാണ്. ഈ അവസ്ഥയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാവുകയാണ് ചേടിറോഡ് കവല - വാഴുന്നോറടി റോഡ്.
എംഎൽഎ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ ചെലവിൽ റോഡ് റീ ടാറിംഗ് നടത്തുന്നതിനും വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുമാണ് പദ്ധതി തയാറാക്കി കരാർ നൽകിയത്. ഒന്നര മാസം മുമ്പാണ് പ്രവൃത്തികൾ തുടങ്ങിയത്. കോൺക്രീറ്റ് ചെയ്യുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം വീതിയിലും ഒന്നരഅടി താഴ്ചയിലും കുഴിയെടുത്തു.
ഈ കുഴികളിൽ അരയടിയോളം ഉയരത്തിൽ ജില്ലി നിരത്തിയെങ്കിലും കോൺക്രീറ്റിംഗ് ഇതുവരെ നടന്നിട്ടില്ല. മഴ കനത്തതോടെ ഈ കുഴികളിൽ ചെളിവെള്ളം നിറഞ്ഞു. റോഡിന്റെ വശങ്ങളിലൂടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ വീതികുറഞ്ഞ റോഡിലൂടെ ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾ വന്നാൽ അവയുടെ ടയറുകളും കുഴിയിൽ താഴുന്നു.
ജനകീയ ആരോഗ്യകേന്ദ്രം, റേഷൻ കട, ഹയർസെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, ഐസിഡിപി കേന്ദ്രം തുടങ്ങിയവയെല്ലാം ഈ വഴിയിലാണ്. ഇവിടങ്ങളിൽ പോകേണ്ടവരെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കുഴിയെടുത്തതും ജില്ലി നിറച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പരിശോധന നീളുന്നതും മഴയുമാണ് പ്രവൃത്തികളുടെ വേഗം കുറച്ചതെന്നാണ് കരാറുകാർ പറയുന്നത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് ചെളിവെള്ളത്തിൽ മുങ്ങി
കാഞ്ഞങ്ങാട്: ഏറെക്കാലമായി തകർന്നും വശങ്ങളിൽ മലിനജലം നിറഞ്ഞും കിടക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിന്റെ നവീകരണം തുടങ്ങിയപ്പോൾ തന്നെ മഴ വന്നുവീണതോടെ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി. വശങ്ങളിൽ ആധുനിക രീതിയുള്ള ഓവുചാലുകൾ നിർമിക്കാനായി ആഴത്തിൽ കുഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് വീണ്ടും മഴ തുടങ്ങിയത്.
കുഴിയെടുക്കാനായി റോഡിലേക്കിട്ട മണ്ണും വെള്ളവും കലർന്ന് ചെളിയായി ഇപ്പോൾ റോഡിൽ മുഴുവനും ഒഴുകിപ്പരന്നിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം സഹിക്കുന്നത്. മത്സ്യമാർക്കറ്റിൽ നിന്നും ഒഴുകുന്ന മലിനജലം ഈ വെള്ളത്തിൽ കലരുന്നതിനാൽ രോഗഭീതിയോടെയാണ് ആളുകൾ ഇതിൽ കാലുകുത്തുന്നത്. ഇനി മഴ കുറച്ചെങ്കിലും അടങ്ങിയാലേ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്ന നിലയാണ്.
Tags : nattuvishesham local news