ഇരിട്ടി: ആറളം മേഖലയിലെ കാട്ടാനയുൾപ്പടെയുള്ള വന്യമൃഗാക്രമണത്തിന് പരിഹാരം കണ്ട് മനുഷ്യജീവനുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കാണിച്ച് ഹൈക്കോടതി നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കി തുടങ്ങി. വന്യമൃഗാക്രമണം തടയാൻ രണ്ട് 12 ബോർ തോക്കുകൾ, ഒരു കിലോമീറ്റർ ദൂരത്തിൽ വെളിച്ചം കിട്ടുന്ന അഞ്ചു ടോർച്ചുകൾ എന്നിവ ആറളം ആർആർടിക്ക് കൈമാറി. ഡ്രോൺ, നൈറ്റ് വിഷൻ ബൈനോക്കുലർ, അലാസ്കാ ലൈറ്റ്, വാഹനം എന്നിവ ഉടൻ കൈമാറും.
കാട്ടാനക്കൂട്ടങ്ങളെ പ്രതിരോധിക്കാൻ ആറളത്ത് ചുമതലപ്പെട്ട വനം ആർആർടിക്ക് ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്നു നിരീക്ഷിച്ചാണ് കോടതി ഇവ ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്.
കാട്ടാനകളെ തുരത്തുന്ന വേളയിൽ ആന സേനാംഗങ്ങളുടെ നേർ തിരിഞ്ഞാൽ 12 ബോർ തോക്കുപയോഗിച്ച് കാട്ടാനകളെ വെടിവച്ച് സേനാംഗങ്ങൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കാം. വെടിയേറ്റാലും കാട്ടാനക്ക് പരിക്ക് ഉണ്ടാകാത്ത തരത്തിലുള്ള പ്രത്യേക പെല്ലറ്റെന്നതാണ് 12 ബോർ തോക്കിന്റെ പ്രത്യേകത. 1200 ലുമിൻ ശേഷിയുള്ളതാണ് ഓരോ ടോർച്ചുകളും. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചിൽ നിന്നുള്ള ഒരു വാഹനവുംആറളത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസിയെ ആന ഓടിച്ച താളിപ്പാറ മേഖലയിൽ ടിആർഡിഎം മുഖേന കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തിയും ആരംഭിച്ചു.
ആറളത്തെ വന്യജീവി ആക്രമണത്തിൽനിന്നും പുനരധിവാസ മേഖലയിലടക്കമുള്ളവർക്ക് സുരക്ഷ ഉറപ്പാക്കണം എന്നു കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻബത്തേരി സ്വദേശി ബൈജു പോൾ മാത്യുസായിരുന്നു ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവർ ആദിവാസി പുനരധിവാസ മേഖലയെന്ന പ്രത്യേക താത്പര്യത്തോടെ ഹർജി പരിഗണിച്ചത്.
ഹർജി പരിഗണിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 24 ന് കേസ് പരിഗണിക്കുന്ന രണ്ട് ജഡ്ജിമാരും നാലു മണിക്കൂറോളം ഫാമിലും പുനരധിവാസ മേഖലയിലും നേരിട്ടെത്തി പ്രശ്നങ്ങൾ മനസിലാക്കിയിരുന്നു. കോടതി തന്നെ മുൻകൈയെടുത്തു ആറളത്ത് ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ഇവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 131 നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിരുന്നു.
ഇവ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടവും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എല്ലാ ബുധനാഴ്ചയും ആറളം വിഷയം കേൾക്കുന്നതിന് കോടതി പ്രത്യേക സിറ്റിംഗും നടത്തുന്നുണ്ട്.
പുനരധിവാസമേഖലയിൽ ഇന്നലെയും കാട്ടാനയെത്തി
ആറളം: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ഇന്നലെയും തെങ്ങ് കുത്തിമറിച്ചിട്ടു നശിപ്പിച്ചു. ബ്ലോക്ക് ഏഴിൽ ജോബിന്റെ വീട്ടുമുറ്റത്തെ തെങ്ങാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീടിനു സമീപത്തെ റംബുട്ടാൻ തൈകളും നശിപ്പിച്ചു. പുലർച്ചെ രണ്ടോടെ എത്തിയ കാട്ടാന രണ്ടു മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാഴ്ത്തിയ ശേഷമാണ് മടങ്ങിയത്. ഫാം മേഖലയിലെ വിവിധയിടങ്ങളിലായി 40 കാട്ടാനകളുള്ളതായാണ് വിവരം.
Tags : nattuvishesham local news