വടക്കാഞ്ചേരി: ഒരു വശത്ത് വനപാലകരുടെ ഓപ്പറേഷൻ ഗജ നടക്കുമ്പോൾ മറുവശത്ത് കാട്ടാനകളുടെ താണ്ഡവം. ആനയെപ്പേടിച്ച് ജോലിക്കുപോകാതെ തൊഴിലാളികൾ.
വടക്കാഞ്ചേരി നഗരസഭയിൽ മങ്കര ചേപ്പലക്കോട് പ്രദേശവാസികളാണ് കാട്ടാനകളെ പേടിച്ച് ജോലിക്കുപോകാതെ ദുരിതത്തിലായത്. ദിവസവും പുലർച്ചെ റബ്ബർ ടാപ്പിംഗിനുപോകുന്ന തൊഴിലാളികളാണ് കഷ്ടപ്പാട് അനുഭവിക്കുന്നത്. നടപ്പാതയുടെ ഇരുവശങ്ങളിലും ആനകൾ നിലയുറപ്പിക്കുന്നത് പ്രദേശത്ത് പതിവാവുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ ആനകളെ പടക്കംപൊട്ടിച്ചും ബഹളംവച്ചുമാണ് വനത്തിലേക്ക് കയറ്റിവിട്ടത്.
ചേപ്പലക്കോട് സ്വദേശി ഉപ്പഴക്കാട്ട് വീട്ടിൽ ജയന്റെ പറമ്പിലെ മൂന്ന് തെങ്ങുകൾ ആനകൾ നശിപ്പിച്ചു. മങ്കര അട്ടിപ്പറമ്പ് സ്വദേശി ചാത്തോത്ത് ബാബുവിന്റെ വീട്ടുപറമ്പിലും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.
നടപ്പാതകളിലെ കാടുകൾ വെട്ടിവൃത്തിയാക്കി വൈദ്യുതിവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ തള്ളിക്കളഞ്ഞതായി പ്രദേശവാസികൾ പറയുന്നു. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുമ്പോൾ ജനങ്ങളുടെ ജീവന് വിലയില്ലാത്ത നയമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപ്പിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിനെതിരേ ഇനിയും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് പൊതുപ്രവർത്തകൻ സാബു മങ്കര പറഞ്ഞു.
Tags : nattuvishesham local news