കോട്ടയം: നെടുംകുന്നം നെടുമണ്ണിയിലെ തടയണ മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ദുരിതം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്കി. സമീപവീടുകളില്‍ വെള്ളം കയറുന്നതും കൃഷി നശിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് തീരുമാനം.
തടയണയില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരെയും തടയണ കാരണം ദുരിതം അനുഭവിക്കുന്നവരെയും വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാര സാധ്യത തേടാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്കി.
കാഞ്ഞിരപ്പള്ളി ടൗണില്‍ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍ പങ്കെടുത്തു.
Tags : District Development Committee local news nattuvishesham